ദോഹ: ഈജിപ്തുമായി പലസ്തീന്‍ അതിര്‍ത്തി പങ്കിടുന്ന റഫ ക്രോസിംഗിന്റെ പലസ്തീന്‍ ഭാഗത്തിന്റെ നിയന്ത്രണം ഇസ്രായേല്‍ സൈന്യം പിടിച്ചടക്കിയ പശ്ചാത്തലത്തില്‍ ഖത്തര്‍ മധ്യസ്ഥ സംഘം ചര്‍ച്ചകള്‍ക്കായി വീണ്ടും ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയിലേക്ക് തിരിച്ചു. ഏഴു മാസമായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഈജിപ്തും ഖത്തറും ചേര്‍ന്ന് തയ്യാറാക്കിയ സമാധാന പാക്കേജ് ഹമാസ് അംഗീകരിച്ചിരുന്നു. എന്നാല്‍ ഇന്നലെ റഫ അതിര്‍ത്തി ഇസ്രായേല്‍ പിടിച്ചതോടെ സമാധാന കരാര്‍ നടപ്പിലാവാനുള്ള സാധ്യത വീണ്ടും അവതാളത്തിലായ സാഹചര്യത്തിലാണ് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ഖത്തര്‍ പ്രതിനിധി സംഘം കെയ്‌റോയിലേക്ക് തിരിച്ചത്. ഖത്തര്‍ വിദേശകാര്യ വക്താവ് മജീദ് അല്‍ അന്‍സാരിയെ ഉദ്ധരിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഗാസയിൽ സ്ഥിരമായ വെടിനിര്‍ത്തലിനും ഇസ്രായേല്‍- പലസ്തീന്‍ തടവുകാരുടെ കൈമാറ്റത്തിനും വഴി തളിയിക്കുന്ന സമാധാന കരാര്‍ ഉടന്‍ യാഥാര്‍ഥ്യമാവുമെന്നാണ് പ്രതീക്ഷയെന്നും അല്‍ അന്‍സാരി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. ഇതുമായി ബന്ധപ്പെട്ട തങ്ങളുടെ നിര്‍ദ്ദേശം ഹമാസ് അംഗീകരിച്ചത് വലിയ പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആദ്യം 124 ദിവസത്തേക്ക് വെടിനിര്‍ത്തല്‍ കരാറുണ്ടാക്കാന്‍ പിന്നീട് അത് സ്ഥിരം വെടിനിര്‍ത്തലിലേക്ക് പരിവര്‍ത്തിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ തലവന്‍ ഇസ്മായില്‍ ഹനിയ്യയും ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനിയും ഫോണ്‍ സംഭാഷണം നടത്തിയതായി ഹമാസ് നേരത്തേ അറിയിച്ചിരുന്നു.
അതേസമയം, ഈജിപ്തും ഖത്തറും മുന്നോട്ടുവയ്ക്കുകയും ഹമാസ് അംഗീകരിക്കുകയും ചെയ്ത വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതല്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞിരുന്നു. അതേസമയം, കെയ്റോയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കായി ഇസ്രായേല്‍ പ്രതിനിധി സംഘത്തെ അയക്കുമെന്നും ഓഫീസ് സ്ഥിരീകരിച്ചു. ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്നതിനും യുദ്ധത്തിന്റെ മറ്റ് ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുമായി ഹമാസിനുമേല്‍ സൈനിക സമ്മര്‍ദം ചെലുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇസ്രായേല്‍ സൈന്യം റഫ അതിര്‍ത്തി ഉപരോധിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു.
അതിനിടെ, ഇസ്രായേല്‍ – ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമാക്കുന്നതിന് സിഐഎ ഡയറക്ടര്‍ വില്യം ബേണ്‍സ് ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് ദോഹയിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടയിലാണ് തെക്കന്‍ ഗാസയിലെ ജനസാന്ദ്രതയേറിയ റഫ നഗരത്തിനു നേരെ ഇസ്രായേല്‍ കരയാക്രമണം നടത്തിയത്. പ്രദേശത്തിന്റെ കിഴക്കന്‍ ഭാഗത്ത് നിന്ന് ലക്ഷക്കണക്കിന് പലസ്തീനികളോട് കുടിയൊഴിഞ്ഞു പോവാന്‍ ഉത്തരവിട്ട ശേഷമായിരുന്നു ഇസ്രായേല്‍ സൈനിക നീക്കം.
മൂന്ന് ഘട്ടങ്ങളിലായി വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമാക്കാനുള്ള നിര്‍ദ്ദേശമാണ് മധ്യസ്ഥര്‍ മുന്നോട്ടുവച്ചതെന്നാണ് അല്‍ ജസീറയുടെ റിപ്പോര്‍ട്ട്. ആറ് ആഴ്ച വീതം നീളുന്നതാണ് ഓരോ ഘട്ടവും. ആദ്യ ഘട്ടത്തില്‍ ഇസ്രായേലും ഹമാസും വെടിനിര്‍ത്തുകയും ഗസയില്‍ നിന്ന് ഇസ്രായേല്‍ സൈന്യത്തെ ഭാഗികമായി കിഴക്കു ഭാഗത്തേക്ക് പിന്‍വലിക്കുകയും ചെയ്യും. ആദ്യ ഘട്ടത്തില്‍ 33 ഇസ്രായേലി തടവുകാരെ ഹമാസ് വിട്ടയക്കും. സ്ത്രീകളും പ്രായമായവരും രോഗികളും 19 വയസ്സിന് താഴെയുള്ള സൈനികരല്ലാത്തവരുമായ തടവുകാരെയാണ് ഈ ഘട്ടത്തില്‍ ഹമാസ് മോചിപ്പിക്കുക. ജീവിച്ചിരിക്കുന്ന ഓരോ ഇസ്രായേലി ബന്ദികള്‍ക്കും പകരം ഇസ്രായേല്‍ ജയിലുകളില്‍ നിന്ന് 30 ഫലസ്തീനികളെ മോചിപ്പിക്കും. അതോടൊപ്പം 50 പലസ്തീന്‍ തടവുകാര്‍ക്ക് പകരമായി ഒരു വനിതാ സൈനികനെ ഹമാസ് മോചിപ്പിക്കാനും കരാര്‍ വ്യവസ്ഥ ചെയ്യുന്നു. ഈ ഘട്ടത്തില്‍ ആഭ്യന്തരമായി കുടിയിറക്കപ്പെട്ട പലസ്തീനികളെ ഗാസയിലെ അവരുടെ വീടുകളിലേക്ക് മടങ്ങാന്‍ അനുവദിക്കുകയും പുനര്‍നിര്‍മ്മാണ ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്യും.
തുടര്‍ന്നുള്ള രണ്ടാം ഘട്ടത്തില്‍, ഇസ്രായേല്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി ഗാസയില്‍ നിന്ന് പൂര്‍ണമായും പിന്‍വാങ്ങണം. ഫലസ്തീന്‍ തടവുകാര്‍ക്ക് പകരമായി സൈനികര്‍ ഉള്‍പ്പെടെ ശേഷിക്കുന്ന ഇസ്രായേലി പുരുഷന്മാരെ ഹമാസ് മോചിപ്പിക്കും. മൂന്നാമത്തെയും അവസാനത്തെയും ഘട്ടത്തില്‍, ഇസ്രായേലും ഹമാസും ബാക്കിയുള്ള തടവുകാരെ മോചിപ്പിക്കും. ഗാസയുടെ മൂന്നോ അഞ്ചോ വര്‍ഷത്തെ പുനര്‍നിര്‍മ്മാണ പദ്ധതിയും കരാറിന്റെ ഭാഗമായി നടപ്പിലാക്കും. ഗസയ്‌ക്കെതിരായ ഇസ്രായേല്‍ ഉപരോധം അവസാനിപ്പിക്കുന്ന കാര്യവും ഈ ഘട്ടത്തില്‍ പരിഗണിക്കും.
ഖത്തര്‍ മധ്യസ്ഥ ചര്‍ച്ചകളില്‍ ഹമാസിനൊപ്പം നില്‍ക്കുന്നുവെന്നും ബന്ദിക്കളെ വിട്ടയക്കുന്നതില്‍ വേണ്ടത്ര സമ്മര്‍ദ്ദം ചെലുത്തുന്നില്ലെന്നും ഇസ്രായേലിലെയും അമേരിക്കയിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആരോപണമുന്നയിച്ച പശ്ചാത്തലത്തില്‍ മധ്യസ്ഥ ശ്രമങ്ങളില്‍ നിന്ന് പിന്‍മാറാന്‍ ഖത്തര്‍ ആലോചിച്ചിരുന്നു. എന്നാല്‍ മധ്യസ്ഥ ശ്രമങ്ങള്‍ തുടരാനുള്ള അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഖത്തര്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുകയായിരുന്നു.