ദുബായ്: വാഹനം ഓടിക്കുന്നവർ കൂടുതൽ ശ്രദ്ധിക്കണമെന്ന് നിർദേശം നൽകി ദുബായ് അധികൃതർ. ടാക്സികളെ ട്രാക്ക് ചെയ്യാനും ഡ്രൈവർമാരെ നിരീക്ഷിക്കാനും വേണ്ടി ‘നിർമിത ബുദ്ധി’ ഉപയോഗിക്കുമെന്ന് ഗതാഗത വകുപ്പിന് കീഴിലെ ദുബായ് ടാക്സി കോർപറേഷൻ അറിയിച്ചു. ദുബായ് ടാക്സികൾ, മോട്ടോർ സൈക്കിളുകൾ, സ്കൂൾ ബസുകൾ, വാണിജ്യ ബസുകൾ, എന്നിവയെല്ലാം പുതിയ സംവിധാനത്തിന് കീഴിൽ വരും. 7200 വാഹനങ്ങളും 14,500 ഡ്രൈവർമാരും ഇത്തരത്തിൽ കൃത്യമായ വിലിയുത്താൻ സാധിക്കും. ദുബായിൽ കൂടുതൽ ടാക്സികൾ വിന്യസിക്കുന്നുണ്ട്. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് ഇത്തരത്തിലുള്ള സംവിധാനം കൊണ്ടുവരുന്നത്.
ഡ്രൈവർമാർക്ക് നൽകിയിരിക്കുന്ന നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ വേണ്ടിയാണ് നിർമിത ബുദ്ധി സംവിധാനം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സംവിധാനം ഉപകാരപ്പെടും. 1000 സ്കൂൾ ബസുകളും ഈ സംവിധാനത്തിന് കീഴിൽ വരും. കുട്ടികളുടെ സുരക്ഷയും ലക്ഷ്യം വെക്കുന്നുണ്ട്. കുട്ടികൾ കൃത്യസമയത്ത് സ്കൂളിൽ എത്തുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ വേണ്ടി ഈ സംവിധാനം ഉപയോഗിക്കാം. വിദ്യാർഥികളുടെ സുരക്ഷ കൂടുതൽ മെച്ചപ്പെടും. അപകട സാധ്യതയുണ്ടായാൽ ബന്ധപ്പെട്ടവർക്ക് വേഗത്തിൽ മുന്നറിയിപ്പ് നൽകുന്നതിന് ഈ സംവിധാനം ഉപയോഗപ്പെടും.
നഗരത്തിലെ 5200 ടാക്സികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനൊപ്പം ഡ്രൈവർമാർക്ക് ആവശ്യമായ സമയങ്ങളിൽ സഹായം നൽകാനും നിർമിത ബുദ്ധി ഉപയോഗിച്ചുള്ള നിരീക്ഷണത്തിലൂടെ സാധിക്കും. ഏറ്റവും നവീനമായ സ്മാർട്ട് സംവിധാനങ്ങൾ നടപ്പാക്കുന്നതിൽ ദുബായ് എപ്പോഴും മുന്നിലാണ്. നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള കൂടുതൽ സൗകര്യങ്ങൾ ദുബായ് ആർടിഎ കൊണ്ടുവരുന്നുണ്ട്.
യാത്രാനിരക്കുകൾ അടക്കാൻ ‘ഫേസ് റെക്കഗ്നിഷൻ’ സംവിധാനമുള്ള സ്മാർട്ട് ഗേറ്റുകൾ നടപ്പാക്കാൻ പദ്ധതിയിടുന്നതിനെ കുറിച്ച് കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. ഇതെല്ലാം യാത്രക്കാർക്ക് വലിയ അനുഗ്രഹമാകുന്ന രീതിയിലാണ് ഒരുക്കുന്നത്. മെട്രോ, ദുബൈ ട്രാം, ബസ്, ടാക്സി, തുടങ്ങിയ യാത്ര സംവിധാനങ്ങളിൽ ആണ് പുതിയ സംവിധാനം വരുന്നത്. ടിക്കറ്റുകളോ നോൽകാർഡോ ക്രെഡിറ്റ് കാർഡോ ഇല്ലാതെ യാത്രചെയ്യാനാകുമെന്നാണ് അധികൃതർ അവകാശപ്പെടുന്നത്.