Gulf

ആര്‍ട്ടിക്കിള്‍ ഷോ ‘ഇവന്റ ടിക്കറ്റുകള്‍ കുറഞ്ഞ വിലയ്ക്ക്’- വഞ്ചിതരാവരുതെന്ന് അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ

Published

on

അബുദാബി: ഇവന്റ് ടിക്കറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വില്‍ക്കുന്ന വ്യാജ സോഷ്യല്‍ മീഡിയ പരസ്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി യുഎഇ അധികാരികള്‍. വഞ്ചനാപരമായ സ്‌കീമുകള്‍ക്ക് ഇരയാകുന്നതില്‍ നിന്ന് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് (എഡിജെഡി) പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

ഇത്തരം വഞ്ചനാകേസുകള്‍ അടുത്തകാലത്തായി വര്‍ധിച്ചിട്ടുണ്ടെന്നും സംശയംതോന്നാത്ത ഉപഭോക്താക്കളെ കണ്ടെത്തിയാണ് തട്ടിപ്പ് നടത്തുന്നതെന്നും എഡിജെഡി വെളിപ്പെടുത്തി. വളരെ കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ നല്‍കി വശീകരിക്കുന്ന തട്ടിപ്പുകാര്‍ ആവശ്യത്തിന് തുക സമ്പാദിച്ചുകഴിഞ്ഞാല്‍ അപ്രത്യക്ഷമാവുകയാണ് ചെയ്യുകയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

വിശ്വസനീയമല്ലാത്ത ഉറവിടങ്ങളില്‍ നിന്ന് ഇവന്റ് ടിക്കറ്റുകള്‍ വാങ്ങരുതെന്ന് അധികാരികള്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുകയും കേസുകള്‍ സങ്കീര്‍ണമാവുകയും ചെയ്തിട്ടുണ്ട്. ആദ്യ ഇടപെടലില്‍ വ്യാജമാണെന്ന് ബോധ്യപ്പെടാത്ത വിധമായിരിക്കും പ്രവര്‍ത്തനങ്ങള്‍. ഓഫറുകള്‍ എല്ലായ്‌പ്പോഴും സത്യമായിക്കൊള്ളണമെന്നില്ലെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.

ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരാകാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും അധികൃതര്‍ നിര്‍ദേശിക്കുന്നു. നിലവിലുള്ളതിനേക്കാള്‍ മെച്ചമെന്ന് തോന്നുന്ന ഏതൊരു ടിക്കറ്റ് ഓഫറിലും സംശയം പ്രകടിപ്പിക്കുക എന്നതാണ് ഇതില്‍ ഒന്നാമത്തേത്. ഇരകളെ ആകര്‍ഷിക്കാന്‍ തട്ടിപ്പുകാര്‍ പതിവായി ഉപയോഗിക്കുന്ന തന്ത്രമാണ് ഓഫര്‍.

വ്യക്തിഗത വിവരങ്ങളോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അജ്ഞാതരായ വില്‍പ്പനക്കാര്‍ക്ക് നല്‍കരുത്. ഇവ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കോ പണം തട്ടിയെടുക്കുന്നതിനോ ഉപയോഗപ്പെടുത്താന്‍ സാധ്യതയുണ്ട്. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട ഒടിപി നമ്പറുകള്‍, ഡെബിറ്റ് കാര്‍ഡ് നമ്പറുകള്‍ എന്നിവ ആരുമായും പങ്കുവയ്ക്കരുത്.

ഇവന്റ് ടിക്കറ്റിന്റെ ആധികാരികത ഉറപ്പാക്കിയ ശേഷമേ ഇവ വാങ്ങാവൂ. ഇവന്റ് ഓര്‍ഗനൈസര്‍മാരുടെ വെബ്‌സൈറ്റുകള്‍, ലൈസന്‍സുള്ള ടിക്കറ്റ് ഏജന്‍സികള്‍ അല്ലെങ്കില്‍ പ്രശസ്തമായ റീസെല്ലര്‍മാരില്‍ നിന്ന് നേരിട്ട് വാങ്ങുന്നതാണ് ഏറ്റവും സുരക്ഷിതം. തട്ടിപ്പ് ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ തന്നെ പ്രത്യേക ഹോട്ട്‌ലൈന്‍ നമ്പറായ 8002626 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ നിര്‍ദേശിക്കുന്നു. തട്ടിപ്പുകാര്‍ക്കെതിരെ വേഗത്തിലുള്ള നടപടി ഉറപ്പാക്കാനും മറ്റുള്ളവരെ ഇരകളാകുന്നത് തടയാനും വഞ്ചനാപരമായ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത് വളരെ പ്രധാനമാണെന്നും യുഎഇ അതോറിറ്റി ഓര്‍മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version