അബുദാബി: കലയുടെ അനുപമ സൗന്ദര്യം പ്രകടമാക്കിയ ആർട് ദുബായ് പ്രദർശനത്തിനു ഇന്നു സമാപനം. മദീനത് ജുമൈറയിലെ മിന അൽ സലാമിൽ 4 ദിവസമായി നടന്നുവരുന്ന പ്രദർശനം ലോകപ്രശസ്ത കലാകാരന്മാരുടെ സൃഷ്ടികളാൽ സമ്പന്നമായി. സമകാലികം, ആധുനികം, ബവ്വാബ (അറബിക്കിന്റെ കവാടം), ഡിജിറ്റൽ എന്നീ വിഭാഗങ്ങളിലായി നൂറിലേറെ ഗാലറികൾ പങ്കെടുക്കുന്നുണ്ട്.
ഇന്ത്യ ഉൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള ചിത്രകാരന്മാരുടേയും ശിൽപികളുടെയും പങ്കാളിത്തമുണ്ട്. ചിത്രകലയുടെ സൗന്ദര്യവും വൈവിധ്യവും പുത്തൻ സങ്കേതങ്ങളും സമന്വയിച്ചതാണ് ആർട്ട് ദുബായിയെ സവിശേഷമാക്കിയതെന്ന് സന്ദർശകരും അഭിപ്രായപ്പെട്ടു. പാഴ്‌വസ്തുക്കൾ കൊണ്ട് ഒരുക്കിയ ഒട്ടേറെ ഇൻസ്റ്റലേഷനുകൾ പ്രദർശനത്തെ ആകർഷകമാക്കി. കലയിലെ നൂതന സമീപനങ്ങൾ മനസ്സിലാക്കാൻ പ്രദർശനം ഉപകരിച്ചതായി വിദ്യാർഥികളും സാക്ഷ്യപ്പെടുത്തി.
6 ഉപഭൂഖണ്ഡങ്ങളിൽ നിന്നുള്ള 130 കലാസഷ്ടികളായിരുന്നു ഇത്തവണത്തെ ആകർഷണം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ആർട് ദുബായ് സന്ദർശിച്ചിരുന്നു.