Tech

ആപ്പിൾ രണ്ടും കല്പിച്ച് തന്നെ; വില കുറഞ്ഞ മാക്ബുക്ക് അടുത്ത വർഷം പുറത്തിറക്കും

Published

on

ആപ്പിൾ മാക്ബുക്ക് (Apple MacBook) സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാം. എന്നാൽ അവയുടെ വിലയാണ് പലരെയും ഈ ആഗ്രഹത്തിൽ നിന്നും തടഞ്ഞു നിർത്തുന്നത്. എന്നാൽ വൈകാതെ തന്നെ കുറഞ്ഞ വിലയിൽ ആപ്പിൾ മാക്ബുക്ക് ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. വില കുറഞ്ഞ ലാപ്ടോപ്പുകളുടെ വിപണിലേക്ക് പുതിയ ലാപ്ടോപ്പുകൾ പുറത്തിറക്കാൻ ആപ്പിളിന് പദ്ധതികളുണ്ട്. വില കുറഞ്ഞ മാക്ബുക്കുകൾ അടുത്ത വർഷത്തോടെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡിജിടൈംസിന്റെ പുതിയ റിപ്പോർട്ട് അനുസരിച്ച് വിദ്യാഭ്യാസ മേഖലയിൽ ജനപ്രിയമായ വില കുറഞ്ഞ ക്രോംബുക്ക് മോഡലുകളോട് മത്സരിക്കാൻ പോന്ന ലാപ്ടോപ്പുകൾ തയ്യാറാക്കുകയാണ് ആപ്പിൾ. കുറഞ്ഞ വിലയിൽ ലഭിക്കുന്ന മാക്ബുക്ക് സീരീസ് കമ്പനി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്നും റിപ്പോർട്ടിൽ പറയുന്നു. വില കുറഞ്ഞ മാക്ബുക്കുകളടങ്ങുന്ന സീരീസും ആപ്പിളിന്റെ നിലവിലുള്ള മാക്ബുക്ക് എയറും പ്രോ ലൈനുകളും തമ്മിൽ വ്യത്യാസങ്ങൾ ഏറെയായിരിക്കും.

വില കുറഞ്ഞ മാക്ബുക്കിൽ നിലവിൽ വിൽപ്പനയിലുള്ള മാക്ബുക്കുകളിൽ ഉപയോഗിച്ചതിൽ നിന്നും വ്യത്യസ്‌ത മെറ്റീരിയലുകൾ ഉപയോഗിച്ച് നിർമ്മിച്ച ഒരു മെറ്റൽ കേസിങ് ഉണ്ടായിരിക്കുമെന്നാണ് സൂചനകൾ. വില കുറയ്ക്കാനായി കമ്പനി വില കുറഞ്ഞ മെക്കാനിക്കൽ ഘടകങ്ങൾ ഉപയോഗിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ പുതിയ മാക്ബുക്ക് സീരീസ് ലോഞ്ച് ചെയ്യുന്നതിലൂടെ വിപണിയിലെ മാറ്റങ്ങൾക്ക് അനുസരിച്ച് ആപ്പിളും കൂടുതൽ സെഗ്മെന്റുകളിലേക്ക് കടക്കുന്നു എന്ന് വേണം കരുതാൻ.

ഡിജിടൈംസ് റിസർച്ച് പ്രകാരം 2019ൽ ക്രോം ബുക്കുകളുടെ വിൽപ്പന 13.9 ദശലക്ഷം യൂണിറ്റായിരുന്നു. 2021ൽ ഇത് 33.5 ദശലക്ഷം യൂണിറ്റായി വർധിച്ചു. വിദ്യാഭ്യാസ മേഖലയിൽ ക്രോംബുക്കുകൾക്ക് ആവശ്യക്കാർ ഏറെയുണ്ട്. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഗൂഗിളിന്റെ ക്രോംബുക്കുകൾ ഉപയോഗിക്കുന്നിതിന്റെ കാരണം തന്നെ കുറഞ്ഞ വിലയും അനുയോജ്യതയുമാണ്. കൊവിഡ് കാലത്തും അതിന് ശേഷവും ഓൺലൈൻ വിദ്യാഭ്യാസം ശക്തമായതോടെ ക്രോംബുക്ക് വിൽപ്പന ഗണ്യമായി വർധിച്ചു.

2024ന്റെ രണ്ടാം പകുതിയിലായിരിക്കും പുതിയ ആപ്പിൾ മാക്ബുക്ക് ലോഞ്ച് ചെയ്യുകയെന്ന റിപ്പോർട്ടിൽ പറയുന്നു. രണ്ടാം പകുതിയെന്ന് പറയുന്നതിനാൽ തന്നെ അടുത്ത വർഷം ജൂണിൽ നടക്കാൻ സാധ്യതയുള്ള ആപ്പിൾ WWDC 2024 ഇവന്റിൽ വച്ചായിരിക്കും പുതിയ മാക്ബുക്കുകളുടെ ലോഞ്ച് എന്ന സൂചനയാണ് നൽകുന്നത്. ഇക്കാര്യം കമ്പനി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അടുത്ത വർഷത്തോടെ ലോഞ്ച് ടൈംലൈൻ സ്ഥിരീകരിക്കും.

ആപ്പിൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ലാപ്‌ടോപ്പ് വികസിപ്പിക്കുന്നതിൽ അതിശയിക്കാനില്ലെങ്കിലും കമ്പനിയുടെ ഭാഗത്ത് നിന്നും ഇതുവരെ അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലാത്തതിനാൽ ഈ വാർത്ത പൂർണമായും വിശ്വസിക്കാൻ സാധിക്കില്ല. ആപ്പിൾ നിലവിൽ ഐഫോൺ 15 സീരീസ് ലോഞ്ച് ഇവന്റിന് തയ്യാറെടുക്കുകയാണ്. സെപ്റ്റംബർ 12നാണ് ഈ ഇവന്റ് നടക്കുന്നത്. ഈ ഇവന്റിൽ വച്ച് കമ്പനി പുതിയ ഐഫോണുകൾ ലോഞ്ച് ചെയ്യും. ഈ ഫോണുകളിൽ ഐഫോൺ 15 പ്രോ മോഡലുകൾക്ക് വലിയ വില വർധനവ് ഉണ്ടായിരിക്കുമെന്നും ഐഫോൺ 15 അൾട്ര എന്നൊരു മോഡൽ കൂടി ഉണ്ടായിരിക്കുമെന്നും സൂചനകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version