പ്രീ സീസൺ സൗഹൃദ മത്സരങ്ങളിൽ മിന്നുന്ന പ്രകടനവുമായി ആരാധകരെ ആവേശത്തിലാഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. യുഎഇയിൽ ആദ്യ മത്സരത്തിൽ ദയനീയ തോൽവി വഴങ്ങിയ ടീം ഗംഭീര തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് യുഎഇ പ്രോ ലീഗിലെ വമ്പൻ ക്ലബ്ബുകളിൽ ഒന്നായ അൽ ജാസിറ അൽ ഹംറ എഫ്സിയെ പരാജയപ്പെടുത്തിയത്.
ഇവാൻ വുകോമനോവിച്ചിൻെറ സംഘം ആദ്യപകുതിയിൽ തന്നെ ഗോളടിച്ച് ലീഡെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കളിച്ചത്. ഇടയ്ക്ക് അൽ ജാസിറ മുന്നേറ്റനിര ആക്രമിച്ച് കളിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധനിര ശ്രമങ്ങളുടെ മുനയൊടിച്ചു. ഇതിനിടയിലാണ് ഒന്നാം പകുതിയുടെ 36ാം മിനിറ്റിൽ ബിദ്യഷാഗർ സിങ്ങിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് നേടുന്നത്. ആദ്യപകുതി 1-0 എന്ന നിലയിൽ തന്നെയാണ് അവസാനിച്ചത്.
ലീഡ് നേടിയ മഞ്ഞപ്പട രണ്ടാം പകുതിയിലും തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് കളിച്ചത്. മത്സരത്തിൻെറ 90ാം മിനിറ്റ് വരെ ബ്ലാസ്റ്റേഴ്സ് ഒരു ഗോളിൻെറ ലീഡ് നിലനിർത്തി. എന്നാൽ 90ാം മിനിറ്റിൽ അൽ ജാസിറയുടെ നെഞ്ചകം തകർത്ത രണ്ടാം ഗോൾ വന്നു. കേരള ബ്ലാസ്റ്റേഴ്സിൻെറ ഒരു മികച്ച മുന്നേറ്റത്തിൽ നിന്ന് തന്നെയാണ് രണ്ടാം ഗോളിൻെറ വരവ്. കോർണർ കിക്കിൽ നിന്നായിരുന്നു ഗോൾ വന്നത്. നായകൻ പ്രീതം കോട്ടാലിൻെറ വകയായിരുന്നു രണ്ടാം ഗോൾ.
ആദ്യ കളിയിലെ തോൽവിയിൽ നിന്ന് പാഠം പഠിച്ച് ഒത്തിണക്കത്തോടെ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമിനെയാണ് പിന്നീടുള്ള രണ്ട് മത്സരങ്ങളിലും കണ്ടത്. ഈ തിരിച്ചുവരവ് ഐഎസ്എല്ലിൽ മഞ്ഞപ്പടയുടെ ആത്മവിശ്വാസം ഉയർത്തുമെന്നുറപ്പാണ്. കളിക്കാരുടെ പ്രകടനത്തിൽ ആരാധകരും വലിയ ആവേശത്തിലാണ്.
യുഎഇ പര്യടനത്തിൽ മൂന്ന് മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സ് കളിച്ചത്. ഇതിൽ ആദ്യത്തെ മത്സരത്തിൽ ടീം ദയനീയ തോൽവി വഴങ്ങിയിരുന്നു. മുന്നേറ്റനിര താരം അഡ്രിയാൻ ലൂണയുടെ നേതൃത്വത്തിൽ കളിച്ച ബ്ലാസ്റ്റേഴ്സ് യുഎഇ പ്രോ ലീഗ് ക്ലബ്ബായ അൽ വസൽ എഫ്സിയോട് (AL Wasl FC) എതിരില്ലാത്ത ആറ് ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു.
എന്നാൽ പ്രീ സീസണിലെ രണ്ടാം സൗഹൃദ മത്സരത്തിൽ പ്രോ ലീഗ് ക്ലബ്ബായ ഷാർജ എഫ്സിയെ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിരുന്നു. താരതമ്യേന കരുത്തരായ ഷാർജക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ക്ലബ്ബ് വിജയം സ്വന്തമാക്കിയത്. ക്രൊയേഷ്യൻ താരം മാർകോ ലെസ്കോവിച്ചായിരുന്നു മത്സരത്തിൽ ടീമിനെ നയിച്ചത്.
ആദ്യ മത്സരത്തിലെ തോൽവിയിൽ നിന്നുള്ള ഗംഭീര തിരിച്ചുവരവായിരുന്നു ഇത്. ജാപ്പനീസ് താരം ഡൈസുകെ സകായും ഘാന താരം ഖ്വാമ പെപ്രയുമാണ് ഷാർജയ്ക്കെതിരെ ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. ഇരുതാരങ്ങളും ഈ സീസണിലെ ട്രാൻസ്ഫർ ജാലകത്തിലൂടെ ടീമിലെത്തിയവരാണ്.