അജ്മാന്‍: യുഎഇയിലെ അജ്മാനില്‍ പ്രവാസി ഇന്ത്യക്കാരന്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ചു. അജ്മാന്‍ മുനിസിപ്പാലിറ്റിയിലെ തൊഴിലാളിയായ തെലങ്കാന സ്വദേശി അബ്ദുല്‍ റഹീം (38) ആണ് മരിച്ചത്.
നിസാമാബാദിലെ അഹമ്മദ്പുര കോളനി സ്വദേശിയായ റഹീം കഴിഞ്ഞ ഒമ്പത് വര്‍ഷമായി അജ്മാനിലാണ് താമസം. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു. ഭാര്യയും മൂന്ന് കുട്ടികളും പിതാവും സഹോദരനും സഹോദരിമാരും അടങ്ങുന്നതാണ് കുടുംബം.
വ്യാഴാഴ്ച രാത്രി അജ്മാന്‍ നഗരത്തിലെ ക്യാമ്പില്‍ നിന്ന് ഹോട്ടലിലേക്ക് പോകുന്നതിനായി റോഡ് മുറിച്ചുകടക്കവെ അമിതവേഗതയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. റഹീമിന്റെ മൃതദേഹം ജന്മനാടായ നിസാമാബാദിലേക്ക് കൊണ്ടുപോകും. ഇതിനുള്ള നിയമനടപടിക്രമങ്ങള്‍ നടത്തിവരികയാണെന്ന് റഹീമിന്റെ ഭാര്യാ സഹോദരന്‍ മുഹമ്മദ് അഹമ്മദ് പറഞ്ഞു.