Bahrain

പലസ്തീന്‍ വിദ്വേഷ പോസ്റ്റിന്റെ പേരില്‍ പിരിച്ചുവിട്ട ഇന്ത്യന്‍ ഡോക്ടറുടെ അറസ്റ്റ് രേഖപ്പെടുത്തി

Published

on

മനാമ: ബഹ്‌റൈനില്‍ പലസ്തീന്‍ വിദ്വേഷ പോസ്റ്റിട്ടതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ഇന്ത്യന്‍ ഡോക്ടറുടെ അറസ്റ്റ് രേഖപ്പെടുത്തി. റോയല്‍ ബഹ്‌റൈന്‍ ഹോസ്പിറ്റലിലെ ഇന്റേണല്‍ മെഡിസിനില്‍ സ്‌പെഷ്യലിസ്റ്റായ ഡോ. സുനില്‍ ജെ റാവുവിനെയാണ് അറസ്റ്റ് ചെയ്തത്.

കര്‍ണാടക സ്വദേശിയായ 50 കാരനായ സുനിലിനെ കഴിഞ്ഞ വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് തൊട്ടുമുമ്പായി ആശുപത്രി അധികൃതര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. പലസ്തീന്‍- ഇസ്രായേല്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എക്‌സ് പ്ലാറ്റ്‌ഫോമില്‍ (പഴയ ട്വിറ്റര്‍) ഇദ്ദേഹം നിരവധി പലസ്തീന്‍ വിദ്വേഷ പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു.

സമാധാനത്തിന്റെയും സാമൂഹിക സ്ഥിരതയുടെയും ലംഘനങ്ങളുടെ പേരില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്‍ഡ് ഇക്കണോമിക് ആന്‍ഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയുടെ ആന്റി സൈബര്‍ ക്രൈം ഡയറക്ടറേറ്റാണ് സുനില്‍ റാവുവിനെ അറസ്റ്റ് ചെയ്തത്. സമൂഹത്തിന് അപമാനകരമായ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് റോയല്‍ ബഹ്‌റൈന്‍ ആശുപത്രി പ്രസ്താവനയില്‍ പറഞ്ഞു. ഡോക്ടറുടെ ട്വീറ്റുകളും പ്രത്യയശാസ്ത്രവും വ്യക്തിപരമാണെന്നും ആശുപത്രിയുടെ അഭിപ്രായവും മൂല്യങ്ങളും പ്രതിഫലിപ്പിക്കുന്നതല്ലെന്നും പ്രസ്താവന വ്യക്തമാക്കി.

ഡോക്ടറുടെ പോസ്റ്റുകള്‍ സാമൂഹികമര്യാദയും സ്ഥാപനത്തിന്റെ പെരുമാറ്റച്ചട്ടവും ലംഘിക്കുന്നതാണെന്ന് കണ്ടെത്തിയതിനാല്‍ ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ച് സേവനം ഉടനടി അവസാനിപ്പിച്ചുവെന്നും പ്രസ്താവന വിശദീകരിച്ചു.

പോസ്റ്റുകള്‍ക്കെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെ ഡോക്ടര്‍ സമൂഹമാധ്യമത്തിലൂടെ ക്ഷമാപണം നടത്തിയിരുന്നു. ‘എന്റെ വാക്കുകളിലും പ്രവൃത്തിയിലും അഗാധമായി ഖേദിക്കുന്നു’ എന്ന് അദ്ദേഹം എക്‌സില്‍ എഴുതി. ‘ഈ പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയെക്കുറിച്ച് ക്ഷമ ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിലവിലെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അത് നിര്‍വികാരമായിരുന്നു. ഒരു ഡോക്ടര്‍ എന്ന നിലയില്‍ എല്ലാ ജീവനും പ്രധാനമാണ്. കഴിഞ്ഞ 10 വര്‍ഷമായി ഈ രാജ്യത്ത് ജീവിക്കുന്ന ഞാന്‍ ഈ രാജ്യത്തെ ജനങ്ങളെയും മതത്തെയും അങ്ങേയറ്റം ബഹുമാനിക്കുന്നു’- എന്നും അദ്ദേഹം കുറിച്ചു.

ഡോ. സുനില്‍ ജെ റാവു വിശാഖപട്ടണത്തുള്ള ആന്ധ്രാ മെഡിക്കല്‍ കോളേജില്‍ നിന്ന് ബിരുദം നേടിയത്. മംഗളൂരു കസ്തൂര്‍ബ മെഡിക്കല്‍ കോളേജില്‍ നിന്ന് എംഡിയും നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version