Gulf

കുവൈറ്റില്‍ 25 വര്‍ഷമായി അനധികൃതമായി കഴിയുന്ന പ്രവാസി അറസ്റ്റില്‍

Published

on

കുവൈറ്റ് സിറ്റി: 25 വര്‍ഷമായി രാജ്യത്ത് അനധികൃതമായി താമസിച്ചുവരികയായിരുന്ന പ്രവാസിയെ കുവൈറ്റ് പോലീസ് അറസ്റ്റ് ചെയ്തു. 1995 മുതല്‍ അല്‍ മുത്‌ലയിലെ ഫാം ഏരിയയില്‍ ജോലി ചെയ്യുന്ന 56 കാരനായ ഈജിപ്തുകാരനാണ് പിടിയിലായത്. പോലീസിന്റെ പരിശോധനയ്ക്കിടെ രക്ഷപ്പെടാന്‍ ശ്രമിക്കവെ പിടയിലായ ഇയാളെ നാടുകടത്തുന്നതിന് ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.

പടിഞ്ഞാറന്‍ കുവൈറ്റിലെ അല്‍ ജഹ്‌റ ഗവര്‍ണറേറ്റിലെ അല്‍ മുത്‌ല പ്രദേശത്ത് സുരക്ഷാവിഭാഗങ്ങള്‍ നടത്തിയ പരിശോധനയക്കിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് കുവൈറ്റ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. നിയമലംഘകരായി രാജ്യത്ത് കഴിയുന്ന വിദേശികളെ കണ്ടെത്താന്‍ അടുത്തിടെ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

സംശയംതോന്നി തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് ഈജിപ്തുകാരന്‍ നിയമവിരുദ്ധമായാണ് രാജ്യത്ത് കഴിയുന്നതെന്ന് വ്യക്തമായതെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. 1998 മുതല്‍ രേഖകളില്ലാതെ രാജ്യത്ത് കഴിയുകയാണിദ്ദേഹം. 29 വര്‍ഷം മുമ്പാണ് ഇയാള്‍ രാജ്യത്ത് എത്തിയതെന്നും പോലീസ് കണ്ടെത്തി. കുവൈറ്റില്‍ എത്തിയ ശേഷം പിന്നീടൊരിക്കലും മാതൃരാജ്യത്തേക്ക് പോയിട്ടില്ല. 1995 മുതലാണ് അല്‍ മുത്‌ലയിലെ ഫാം ഏരിയയില്‍ ജോലി ചെയ്യാന്‍ ആരംഭിച്ചത്. ഇവിടെയുള്ള തൊഴിലാളികളില്‍ ഏറ്റവും പ്രായം കൂടിയയാളാണ് ഇദ്ദേഹമെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

യാത്രാരേഖകള്‍ ലഭ്യമാകുന്ന മുറയ്ക്ക് ഇയാളെ ഈജിപ്തിലേക്ക് തിരിച്ചയക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കുവൈറ്റിലെ ഈജിപ്ഷ്യന്‍ എംബസിയില്‍ നിന്ന് പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ ലഭ്യമാക്കുന്നതിന് കുവൈറ്റ് പോലീസ് നടപടി സ്വീകരിച്ചുവരികയാണ്.

അനധികൃത താമസക്കാരെ കണ്ടെത്തി നാടുകടത്താന്‍ കുവൈറ്റ് ആഭ്യന്തര മന്ത്രി അടുത്തിടെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാവിഭാഗങ്ങള്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. അനധികൃത താമസക്കാര്‍ക്ക് അഭയം നല്‍കുന്ന പ്രവാസികളെയും നാടുകടത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. മതിയായ രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്നവര്‍ക്ക് ജോലി നല്‍കുകയോ താമസസൗകര്യം നല്‍കുകയോ ചെയ്യുന്ന വിദേശികളെയും നാടുകടത്താന്‍ നിര്‍ദേശമുണ്ട്.

കുവൈറ്റില്‍ ഒന്നര ലക്ഷത്തോളം വിദേശികള്‍ അനധികൃതമായി കഴിയുന്നുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയം കണക്കാക്കുന്നത്. നിയമവിരുദ്ധമായി കഴിയുന്നവര്‍ക്ക് അഭയംനല്‍കുന്നവര്‍ക്കെതിരേയും ജോലി നല്‍കുന്ന കമ്പനികള്‍ക്കതിരേയും നിയമവിരുദ്ധരെ കുറിച്ചുള്ള വിവരങ്ങള്‍ മൂടിവയ്ക്കുന്നവര്‍ക്കെതിരേയും ശിക്ഷാനടപടിയുണ്ടാവുമെന്ന് നേരത്തേ നല്‍കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ മൊത്തം ജനസംഖ്യയായ 46 ലക്ഷത്തില്‍ ഏകദേശം 34 ലക്ഷം പേര്‍ വിദേശികളാണ്. സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കാനും വിദേശ തൊഴിലാളികള്‍ക്ക് പകരം പൗരന്മാരെ നിയമിക്കാനും കുവൈറ്റ് ശ്രമങ്ങള്‍ നടത്തിവരിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version