കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് പിരിച്ചുവിട്ടതിന് പിന്നാലെ രാജ്യത്ത് പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ച് കുവൈറ്റ് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്. ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അല്‍ സബാഹിന്റെ നേതൃത്വത്തിലാണ് രാജ കല്പ്പനയിലൂടെ പുതിയ മന്ത്രിസഭയ്ക്ക് രൂപം നല്‍കിയത്.
അമീറിന്റെ മരുമകനായ ശെയ്ഖ് അഹമ്മദ് അബ്ദുല്ല അല്‍ സബാഹിനെ ഏപ്രിലില്‍ പ്രധാനമന്ത്രിയായി നിയമിച്ചിരുന്നു. പ്രധാനമന്ത്രിയും മന്ത്രിമാരും ഈ ഉത്തരവ് നടപ്പാക്കണമെന്ന് അമീര്‍ ശെയ്ഖ് മിഷാല്‍ ഉത്തരവില്‍ വ്യക്തമാക്കി. കുവൈറ്റ് സര്‍ക്കാരും തെരഞ്ഞെടുക്കപ്പെട്ട ദേശീയ അസംബ്ലിയും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായ സാഹചര്യത്തില്‍ കഴിഞ്ഞ ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ദേശീയ അസംബ്ലിയെ പിരിച്ചുവിടുന്നതായി കഴിഞ്ഞ ദിവസം അമീര്‍ പ്രഖ്യാപിച്ചിരുന്നു. അതോടൊപ്പം രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തണമെന്ന് വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയിലുടെ ഏതാനും വകുപ്പുകള്‍ നാലു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് പുതിയ സര്‍ക്കാരിനെ പ്രഖ്യാപിച്ച് അമീര്‍ ഉത്തരവിറക്കിയിരിക്കുന്നത്.
ദേശീയ അസംബ്ലി പിരിച്ചുവിട്ട് രണ്ട് മാസത്തിനകം പുതിയ പാര്‍ലമെന്റ് തിരഞ്ഞെടുക്കണമെന്നും നിയമങ്ങള്‍ പാര്‍ലമെന്റും അമീറും അംഗീകരിക്കണമെന്നും പ്രസ്താവിക്കുന്ന ഭരണഘടനയിലെ ചില അനുച്ഛേദങ്ങളാണ് അമീര്‍ ഉത്തരവിലൂടെ റദ്ദാക്കിയത്. അടുത്ത നാലു വര്‍ഷത്തേക്ക് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കില്ലെന്ന സൂചനയാണ് ഇതിലൂടെ അമീര്‍ നല്‍കിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. ദേശീയ അസംബ്ലിയുടെ അധികാരങ്ങള്‍ അമീറും രാജ്യത്തിന്റെ മന്ത്രിസഭയും ഏറ്റെടുക്കുമെന്ന് കഴിഞ്ഞ ദിവസം കുവൈറ്റിലെ ഔദ്യോഗിക ടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കിരീടാവകാശിയെ നിയമിക്കുന്നത് അമീറിന്റെ പൂര്‍ണ അധികാരത്തില്‍ പെട്ടതാണ് എന്നിരിക്കെ ഇക്കാര്യത്തില്‍ പോലും ബാഹ്യ ഇടപെടല്‍ ഉണ്ടായെന്ന് പാര്‍ലമെന്റ് പിരിച്ചുവിട്ടുകൊണ്ട് രാജ്യത്തോട് നടത്തിയ പ്രഖ്യാപനത്തില്‍ അമീര്‍ കുറ്റപ്പെടുത്തിയിരുന്നു. സര്‍ക്കാരും തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റും തമ്മിലുള്ള സംഘര്‍ഷം തുടരുന്നത് രാജ്യത്തിന്റെ സുരക്ഷയെയും വികസനത്തെയും അപകടത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.