ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും പ്രീ-വെഡ്ഡിങ് ആഘോഷ പരിപാടികളിലാണ് ബോളിവുഡ്. ഇന്ത്യൻ താരങ്ങൾ മാത്രമല്ല ഹോളിവുഡിൽ നിന്നും ലോക പ്രശസ്തരായ താരങ്ങൾ അണിനിരക്കുന്ന ചടങ്ങിന് ഇന്നലെ ജാംനഗറിൽ തുടക്കമായി. ഷാറുഖ് ഖാൻ, ആലിയ ഭട്ട്, കരീന കപൂർ, ദീപിക പദുകോൺ, രൺവീർ സിങ് തുടങ്ങി നിരവധി താരങ്ങളാണ് പരിപാടിയിൽ പങ്കെടുത്തിരിക്കുന്നത്. ആഢംബര പരിപാടിയിൽ പങ്കെടുക്കാൻ ഒട്ടും ആർഭാടം കുറയാതെയാണ് ബോളിവുഡിലെ താരങ്ങളും എത്തിയത്.
ഷാറുഖ് ഖാൻ കറുപ്പ് കോട്ടിനു പെയറായി വെള്ള കല്ല് പതിച്ച മാലയും മോതിരവുമാണ് ധരിച്ചിരുന്നത്. അലങ്കരിച്ച തിളങ്ങുന്ന ഓഫ് ഷോൾഡർ വസ്ത്രമാണ് ആലിയ ഭട്ട് ധരിച്ചിരുന്നത്. നീല നിറത്തിലുള്ള ഗൗണിന് വെള്ള കല്ല് പതിച്ച ഡയമണ്ട് മോതിരമാണ് ആലിയ തിരഞ്ഞെടുത്തത്. ചിത്രങ്ങൾ നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. കറുപ്പ് നിറത്തിലുള്ള ഉടുപ്പിൽ ദീപിക സുന്ദരിയായപ്പോൾ ഫുൾ വൈറ്റ് കോസ്റ്റ്യും ആണ് രൺവീർ ധരിച്ചിരുന്നത്. പച്ച കല്ലുകൾ പതിപ്പിച്ച ചോക്കർ നെക്‌ലേസും കമ്മലുമാണ് ദീപിക അണിഞ്ഞിരുന്നത്.
കരീന കപൂർ കുടുംബ സമേതമാണ് പരിപാടിയിൽ എത്തിയത്. മുത്തുകൾ പതിപ്പിച്ച സാരിയിൽ അതീവ സുന്ദരിയായി കരീന എത്തിയപ്പോൾ സൈഫ് അലി ഖാൻ കറുത്ത കോട്ടും പാന്റ്സുമാണ് ധരിച്ചിരുന്നത്. ഇവരെ കൂടാതെ ലോക പ്രശസ്തരായ നിരവധി അതിഥികൾ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.
വിവാഹത്തിന് മുന്നോടിയായി മൂന്ന് ദിവസത്തെ പ്രീ വെഡിങ് പരിപാടികളാണ് ജാംനഗറിൽ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെഡ് ഇന്‍ ഇന്ത്യ ആശയത്തിന്‍റെ ഭാഗമായാണ് വിവാഹം ഇന്ത്യയില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ജൂലൈ 12 ന് മുംബൈയിൽ വെച്ചാണ് ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റേയും വിവാഹം നടക്കുക.