ലണ്ടൻ: ഫിഫയുടെ മികച്ച പുരസ്കാരം ഇന്റർ മയാമിയുടെ അർജന്റീനൻ താരത്തിനെ തേടിയെത്തി. മാഞ്ചസ്റ്റർ സിറ്റിയുടെ നോർവേ താരം എർലിംഗ് ഹാളണ്ടുമായി ശക്തമായ പോരാട്ടത്തിന് ശേഷമാണ് മെസ്സി പുരസ്കാര വിജയം സ്വന്തമാക്കിയത്. പോയിന്റ് നിലയിൽ ഇരുതാരങ്ങളും 48 പോയിന്റ് വീതം നേടി സമനില പാലിച്ചു. എന്നാൽ ദേശീയ ടീം ക്യാപ്റ്റന്മാരുടെ വോട്ടിലാണ് മെസ്സി പുരസ്കാര വിജയിയായത്. ഫ്രാൻസിന്റെ കിലിയൻ എംബാപ്പെ, ഇംഗ്ലണ്ടിന്റെ ഹാരി കെയ്ൻ, ഈജിപ്തിന്റെ മുഹമ്മദ് സലാ, ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ച്, പോളണ്ട് നായകൻ റോബർട്ട് ലെവന്‍ഡോവ്‌സ്‌കി തുടങ്ങിയവരുടെ പ്രഥമ വോട്ട് മെസ്സിക്ക് ലഭിച്ചു.
അർജന്റീനൻ നായകൻ ലയണൽ മെസ്സി എർലിംഗ് ഹാളണ്ടിന് വോട്ട് ചെയ്തു. ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ വോട്ട് എർലിംഗ് ഹാലണ്ടിനാണ്. ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാകിന്റെ വോട്ട് സ്പെയ്നിന്റെ റോഡ്രിഗോ ഹെർണാണ്ടസിന് ലഭിച്ചു. മാധ്യമങ്ങളുടെ സെഷനിൽ ഇന്ത്യയ്ക്കായി വോട്ട് ചെയ്തത് ഹിന്ദുസ്ഥാൻ ടൈംസിന്റെ ധിമാൻ സർക്കാർ ആണ്. എർലിംഗ് ഹാളണ്ടിനാണ് വോട്ട് ലഭിച്ചത്.
ആരാധകരിൽ നിന്ന് ലഭിച്ച പോയിന്റിൽ ലയണൽ മെസ്സി ബഹുദൂരം മുന്നിലായിരുന്നു. 6,13,293 ആരാധക പോയിന്റ്സാണ് മെസ്സിക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള ഹാലണ്ടിന് ലഭിച്ചത് 3,65,893 ആരാധക പോയിന്റ്സ് മാത്രമാണ്. മാധ്യമങ്ങളുടെ പോയിന്റ്സിലും പരിശീലകരുടെ പോയിന്റ്സിലും എർലിംഗ് ഹാളണ്ട് മുന്നിലെത്തി.