കുവൈത്ത് സിറ്റി: ഇസ്രായേല്‍- പലസ്തീന്‍ യുദ്ധം ശക്തമായി തുടരവെ പലസ്തീന് ധാര്‍മിക പിന്തുണയുമായി കുവൈത്ത്. പലസ്തീന്‍ ജനതയ്ക്കും രക്തസാക്ഷികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യത്തെ എല്ലാ ആഘോഷ പരിപാടികളും നിര്‍ത്തിവെക്കാന്‍ കുവൈറ്റ് തീരുമാനിച്ചു. അടിയന്തരമായി ചേര്‍ന്ന കുവൈറ്റ് മന്ത്രിസഭാ യോഗമാണ് ഈ നിര്‍ദേശം പുറപ്പെടുവിച്ചത്.
കുവൈത്ത് എക്കാലവും പലസ്തീന് ഒപ്പമാണ് നിലകൊള്ളുന്നതെന്നും പലസ്തീന് പിന്തുണ നല്‍കുന്ന രാജ്യത്തിന്റെ പ്രഖ്യാപിത നിലപാട് അനുസരിച്ചാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും സര്‍ക്കാര്‍ കമ്മ്യൂണിക്കേഷന്‍സ് സെന്റര്‍ അറിയിച്ചു.
എല്ലാ ആഘോഷ പരിപാടികളും നിര്‍ത്തിവെക്കാന്‍ രാജ്യത്തെ സര്‍ക്കാര്‍ തീരുമാനമെടുത്ത പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികളൊന്നും സംഘടിപ്പിക്കരുതെന്ന് ഇന്ത്യന്‍ എംബസി രാജ്യത്തെ പ്രവാസി ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം നല്‍കി. കുവൈത്ത് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട ശേഷമാണ് ഇക്കാര്യം അറിയിക്കുന്നതെന്ന് എംബസി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. എല്ലാ ഇന്ത്യന്‍ അസോസിയേഷനുകളും ഇത് പാലിക്കണമെന്നും പരിപാടികള്‍ മാറ്റിവെക്കണമെന്നും എംബസി അഭ്യര്‍ത്ഥിച്ചു.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സംഗീതം, നൃത്തം തുടങ്ങിയവ ഉള്‍പ്പെടുന്ന ആഘോഷങ്ങളോ പരിപാടികളോ നടത്തേണ്ടതില്ലെന്നാണ് കുവൈറ്റ് മന്ത്രിസഭയുടെയതീരുമാനം. ജിസിസി രാജ്യങ്ങളെല്ലാം പലസ്തീന്‍ ജനതയ്ക്ക് പൂര്‍ണ പിന്തുണ നല്‍കി രംഗത്തെത്തിയിട്ടുണ്ട്. യുഎഇ ദുരിതത്തിലായ ജനങ്ങള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. പലസ്തീന്‍ ജനതയെ കുടിയൊഴിപ്പിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കി. സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം മുന്നിട്ടിറങ്ങണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു.