ദുബായ്: അല്‍ മിന്‍ഹാദും സമീപപ്രദേശങ്ങളും ഇനിമുതല്‍ ഹിന്ദ് സിറ്റിയെന്ന് അറിയപ്പെടും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പേരുമാറ്റം പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് ദുബായ് ഭരണാധികാരി ശെയ്ഖ് മുഹമ്മദ് പുറപ്പെടുവിച്ചു.
ഏകദേശം 83.9 കിലോമീറ്റര്‍ വിസ്തൃതിയുള്ള മേഖലയാണ് ഇനി മുതല്‍ ഹിന്ദ് സിറ്റി എന്ന് അറിയപ്പെടുന്നത്. ഹിന്ദ് വണ്‍, ഹിന്ദ് ടു, ഹിന്ദ് ത്രീ, ഹിന്ദ് ഫോര്‍ എന്നിങ്ങനെ നാല് പ്രത്യേക സോണുകളായി ഈ പ്രദേശത്തെ തിരിച്ചിട്ടുണ്ട്. എമിറേറ്റ്സ് റോഡ്, ദുബായ്- അല്‍ ഐന്‍ റോഡ്, ജബല്‍ അലി- ലഹ്ബാബ് റോഡ് തുടങ്ങിയ പ്രധാന പാതകള്‍ ഈ ഹിന്ദ് സിറ്റിയിലൂടെയാണ് കടന്നു പോകുന്നത്.
ദുബായ് അധികൃതര്‍ നേരത്തെയും വിവിധ മേഖലകളെ പുനര്‍നാമകരണം ചെയ്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയെ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ ആദ്യ പേര് ബുര്‍ജ് ദുബായ് എന്നായിരുന്നു. പിന്നീട് അബൂദാബിയുടെ മുന്‍ ഭരണാധികാരിയായിരുന്ന യുഎഇ പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ പേരിലാണ് 2010-ല്‍ അധികൃതര്‍ ബുര്‍ജ് ദുബായിയെ ബുര്‍ജ് ഖലീഫ എന്ന് പുനര്‍നാമകരണം ചെയ്തത്.