Gulf

യുഎഇയിലേക്കുള്ള ഇന്ത്യന്‍ യാത്രക്കാര്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങളുമായി എയര്‍ലൈന്‍സുകള്‍

Published

on

ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിസിറ്റ് വിസയില്‍ വരുന്നവര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ഇന്ത്യന്‍ എയര്‍ലൈനുകള്‍. ഇന്ത്യയിലെയും യുഎഇയിലെയും ട്രാവല്‍ ഏജന്റുമാര്‍ക്കാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ എയര്‍ലൈനുകള്‍ നല്‍കിയത്. ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യുമ്പോള്‍ യാത്രക്കാര്‍ നിര്‍ബന്ധമായും ആവശ്യമായ രേഖകള്‍ കരുതണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു.

സാധുവായ പാസ്പോര്‍ട്ട്, റിട്ടേണ്‍ ടിക്കറ്റ്, താമസ വിശദാംശങ്ങള്‍, യുഎഇയില്‍ താമസിക്കുന്നതിനുള്ള സാമ്പത്തിക സ്രോതസ്സിന്റെ തെളിവുകള്‍ എന്നിവ കൈവശം വയ്ക്കാന്‍ യാത്രക്കാരോട് അഭ്യര്‍ത്ഥിക്കുന്ന ഒരു നിര്‍ദ്ദേശം നല്‍കിയതായി എയര്‍ ഇന്ത്യ എക്സ്പ്രസ് വക്താവ് സ്ഥിരീകരിച്ചു. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ തങ്ങളുടെ പാസ്പോര്‍ട്ടിന് പ്രവേശന തീയതി മുതല്‍ കുറഞ്ഞത് ആറ് മാസമെങ്കിലും കാലാവധിയുണ്ടെന്ന് ഉറപ്പാക്കണം.

സന്ദര്‍ശകര്‍ക്ക് സ്ഥിരീകരിച്ച റിട്ടേണ്‍ ടിക്കറ്റ്, സ്ഥിരീകരിച്ച ഹോട്ടല്‍ റിസര്‍വേഷന്റെ തെളിവ്, ഒരു മാസത്തെ വിസയ്ക്ക് 3,000 ദിര്‍ഹം (ഏകദേശം 68,000 രൂപ), കൂടുതല്‍ കാലം താമസിക്കുന്നവര്‍ 5,000 ദിര്‍ഹം, ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ കൂടെ താമസിക്കുന്നവര്‍ അതിനുള്ള അധിക രേഖകള്‍ തുടങ്ങിയവ കൈവശം വയ്ക്കണം.

”സ്പൈസ് ജെറ്റ്, എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള എയര്‍ലൈനുകള്‍ ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഈ രേഖകള്‍ ഇല്ലാതെ യുഎഇ വിമാനത്താവളങ്ങളില്‍ എത്തുന്നവരെ നാട്ടിലേക്ക് തിരിച്ചയക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് സാധ്യതയുണ്ടെന്നും സ്പൈസ്ജെറ്റ് യാത്രക്കാര്‍ക്ക് നല്‍കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കി.

ആവശ്യമായ രേഖകളില്ലാത്ത യാത്രക്കാര്‍ക്ക് ഇന്ത്യയിലെ പുറപ്പെടുന്ന വിമാനത്താവളത്തില്‍ ഞങ്ങളുടെ ഫ്‌ളൈറ്റുകളില്‍ ബോര്‍ഡിംഗ് നിഷേധിക്കുമെന്നും ബന്ധപ്പെട്ട എല്ലാ നിരക്കുകളും ടിക്കറ്റിംഗ് ഏജന്‍സിയില്‍ നിന്ന് ഡെബിറ്റ് ചെയ്യുമെന്നും എയര്‍ലൈന്‍സ് അറിയിച്ചു.

ആവശ്യമായ രേഖകള്‍ ഇല്ലാത്തത് കാരണം തങ്ങളുടെ യാത്രക്കാരന് യുഎഇ വിമാനത്താവളങ്ങളില്‍ പ്രവേശനം നിഷേധിക്കപ്പെട്ടാല്‍ മടക്കയാത്രയുടെ ചെലവ് വിമാനക്കമ്പനി വഹിക്കേണ്ടിവരുമെന്നും ഇത് ഒഴിവാക്കുന്നതിനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുമുമ്പ് ബന്ധപ്പെട്ട എല്ലാ രേഖകളും യാത്രക്കാരുടെ പക്കലുണ്ടെന്ന് തങ്ങള്‍ ഉറപ്പാക്കുന്നതായും ട്രാവല്‍ ഏജന്‍സി പ്രതിനിധികള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version