ദുബായ്: ലോകത്തെ മികച്ച 10 എയർലൈനുകളുടെ പട്ടിക പുറത്തു വിട്ടു. പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് ഇത്തിഹാദ് എയർവേയ്സും എമിറേറ്റ്സ് എയർലൈൻസും. എയർലൈൻ റേറ്റിങ്സ് ഡോട്ട് കോം ആണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്. പട്ടികയിൽ ഇത്തിഹാദ് മൂന്നാം സ്ഥാനത്തും എമിറേറ്റ്സ് പത്താം സ്ഥാനവും ആണ് കരസ്ഥമാക്കിയിരിക്കുന്നത്.
12 മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു പഠനം നടത്തിയത്. ഇതിൽ എല്ലാം മികച്ച പ്രതികരണമാണ് ഈ രണ്ട് എയർലെെനിൽ നിന്നും ലഭിച്ചത്. മികച്ച പ്രീമിയം ഇക്കണോമി, മികച്ച ഇൻ-ഫ്ലൈറ്റ് വിനോദം ഈ വിഭാഗത്തിൽ എമിറേറ്റ്സ് ആണ് മുന്നിലെത്തിയത്. യാത്രക്കാരിൽ നിന്നുള്ള അഭിപ്രായങ്ങൾ, നിക്ഷേപം, ഓഫറുകൾ, ഉദ്യോഗസ്ഥരുടെ പെരുമാറ്റം എന്നിവയെല്ലാം പരിശോധന നടത്തി. യുഎഇ വിമാന കമ്പനികൾക്ക് വേണ്ടി കോടിക്കണക്കിന് ദിർഹം ആണ് ഒരോ വർഷവും ചിലവാക്കുന്നത്. പുതിയ സൗകര്യങ്ങൾ കൊണ്ടുവരുന്നതിനും യാത്ര സുരക്ഷിതമാക്കുന്നതിനും വേണ്ടിയാണ് കൂടുതൽ പണം മുടക്കുന്നത്.
വൈ-ഫ്ലൈ ചാറ്റ് , സർഫ് പാക്കേജുകൾ എന്നിവ ഇത്തിഹാദ് എയർവേയ്‌സ് പുറത്തിറക്കി. വാട്സാപ്പ്, മെസഞ്ചർ, വീചാറ്റ് എന്നിവ ഈ സൗകര്യത്തിൽ ഉപയോഗിക്കാൻ സാധിക്കും. സൗജന്യ സേവനം ആണ് ഇവർ നൽകുന്നത്. എയർ ന്യൂസിലൻഡ്, ഖത്തർ എയർവേസ് എന്നീ വിമാന കമ്പനികൾ ആണ് ആദ്യ 2 സ്ഥാനങ്ങളിൽ എത്തിയത്. ബജറ്റ് എയർലൈൻ വിഭാഗത്തിൽ ഫ്ലൈ ദുബായ് ഏറ്റവും മികച്ച വിമാനം എന്ന ബഹുമതി സ്വന്തമാക്കി.