Gulf

ജിദ്ദ-മക്ക യാത്രക്ക് എയര്‍ ടാക്‌സി; 100 ചെറുവിമാനങ്ങളുമായി സൗദിയ വരുന്നു

Published

on

ജിദ്ദ: തീര്‍ത്ഥാടകരെ ജിദ്ദയില്‍ നിന്ന് മക്കയിലേക്കും തിരിച്ചും എത്തിക്കുന്നതിന് എയര്‍ ടാക്‌സി വരുന്നു. ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന ഉംറ, ഹജ് തീര്‍ത്ഥാടകരെ അതിവേഗം മക്കയിലെത്തിക്കുന്നതിനാണ് പറക്കും ടാക്‌സി സര്‍വീസ്. മക്ക മസ്ജിദുല്‍ ഹറാമിനു സമീപത്തെ ഹോട്ടലുകളിലെ എയര്‍സ്ട്രിപ്പുകളില്‍ ചെറുവിമാനങ്ങള്‍ പറന്നിറങ്ങും.

സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് (സൗദിയ) ആണ് എയര്‍ ടാക്‌സി സര്‍വീസ് നടത്തുന്നത്. ഇതിനായി 100 ചെറുവിമാനങ്ങള്‍ വാങ്ങാന്‍ ജര്‍മനിയിലെ ലിലിയം കമ്പനിയുമായി ധാരണയിലെത്തിയതായി സൗദിയ ഗ്രൂപ്പ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ അബ്ദുല്ല അല്‍ശഹ്റാനി അറബിക് ദിനപത്രമായ അഖ്ബര്‍ 24-നോട് വെളിപ്പെടുത്തി.

ലിലിയം കമ്പനിയുടെ 100 സുസ്ഥിര ജര്‍മന്‍ ഫ്‌ളയിങ് ഇലക്ട്രിക് ടാക്‌സികള്‍ വാങ്ങുന്നതിനാണ് കരാര്‍ ഒപ്പിട്ടത്. ആറു പേര്‍ക്ക് ഇതില്‍ സഞ്ചരിക്കാം. മണിക്കൂറില്‍ 200 കിലോമീറ്റര്‍ ആണ് പരമാവധി വേഗത. വെര്‍ട്ടിക്കല്‍ ലാന്‍ഡിങ് (ലംബമായ) സാധ്യമാക്കുന്ന എന്‍ജിനുകള്‍ ഇതിന്റെ പ്രധാന പ്രത്യേകതയാണ്. ഇത്തരത്തിലുള്ള ഇലക്ട്രിക് വിമാനം രാജ്യത്ത് ആദ്യമായാണ് ഉപയോഗിക്കുന്നതെന്നും പെര്‍മിറ്റ് നേടുന്നതിന് സൗദി നിയമനിര്‍മാണ അധികാരികളുടെ സഹകരണത്തോടെ നടപടികള്‍ പുരോഗമിക്കുകയാണെന്നും അല്‍ശഹ്റാനി വിശദീകരിച്ചു.

മക്ക ഹറമിലേക്കും മറ്റ് പുണ്യസ്ഥലങ്ങളിലേക്കും സര്‍വീസ് ആരംഭിച്ച ശേഷം രാജ്യത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലേക്കും എയര്‍ ടാക്‌സി സംവിധാനം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നു. വൈകാതെ ഇത്തരം ചെറുവിമാനങ്ങളുടെ പരീക്ഷണ പറക്കല്‍ നടത്താനാവുമെന്നാണ് പ്രതീക്ഷ.

ജിദ്ദയില്‍ നിന്ന് 35 മിനിറ്റ് കൊണ്ട് മക്കയിലെത്താന്‍ കഴിയുന്ന പുതിയ അതിവേഗ പാതയുടെ നിര്‍മാണ ജോലികള്‍ അന്തിമഘട്ടത്തിലാണ്. ജിദ്ദ വിമാനത്താവളത്തെയും മക്ക ഹറമിനെയും നേരിട്ട് ബന്ധിപ്പിക്കുന്ന പാതയാണിത്. റോഡ് നിര്‍മാണത്തിന്റെ അവസാന ഘട്ടം ആരംഭിച്ചതായി റോഡ്‌സ് ജനറല്‍ അതോറിറ്റി (ആര്‍ജിഎ) പ്രഖ്യാപിച്ചു. ഓരോ ദിശയിലും നാലു ട്രാക്കുകള്‍ വീതമുള്ള എട്ട് വരി പാതയിലെ അവസാനത്തെ 20 കിലോമീറ്ററിന്റെ നിര്‍മാണജോലികളാണ് പുരോഗമിക്കുന്നത്.

2030 സീസണില്‍ വിദേശ ഉംറ തീര്‍ത്ഥാടകരുടെ എണ്ണം മൂന്നു കോടിയായി ഉയര്‍ത്തുമെന്നാണ് സൗദിയുടെ പ്രഖ്യാപനം. കഴിഞ്ഞ തിങ്കളാഴ്ച ജിദ്ദയില്‍ ഹജ്ജ്-ഉംറ സേവന-പ്രദര്‍ശന പരിപാടിയുടെ ഉദ്ഘാടനം ചെയ്യവെ ഹജ്ജ്-ഉംറ മന്ത്രി തൗഫീഖ് ബിന്‍ ഫൗസാന്‍ അല്‍റബീഅ ഇക്കാര്യം ആവര്‍ത്തിക്കുകയുണ്ടായി. 2023ല്‍ 1.35 കോടി വിദേശികളാണ് ഉംറ നിര്‍വഹിക്കാനെത്തിയതെന്നും അദ്ദേഹം അറിയിച്ചു. 2019 മായി താരതമ്യം ചെയ്യുമ്പോള്‍ 58 ശതമാനം വളര്‍ച്ചയാണിത്. 184,000 ത്തിലധികം സ്വദേശികള്‍ ഉള്‍പ്പെടെ 150ലധികം രാജ്യങ്ങളില്‍ നിന്നുള്ള 18 ലക്ഷത്തിലധികം പേരാണ് കഴിഞ്ഞ വര്‍ഷം ഹജ്ജ് നിര്‍വഹിച്ചത്. വരുന്ന ഹജ്ജിനും ഈ ക്വാട്ട തുടരാനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version