റിയാദ്: ഇന്ത്യയുടെ ബജറ്റ് വിമാന കമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് റിയാദ്-ഹൈദരാബാദ് സര്‍വീസ് ആരംഭിക്കുന്നു. നേരിട്ടുള്ള സര്‍വീസാണിത്. വരുന്ന ഫെബ്രുവരി രണ്ട് മുതലാണ് സര്‍വീസ് തുടങ്ങുന്നത്.
ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കുള്ള നേരിട്ടുള്ള വിമാന സര്‍വീസ് ഫെബ്രുവരി രണ്ടിന് ആരംഭിക്കുന്നതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇന്നലെ (ജനുവരി 15) തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്.
ഈ റൂട്ടില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ആഴ്ചയില്‍ മൂന്ന് ദിവസങ്ങളില്‍ സര്‍വീസ് ഉണ്ടായിരിക്കും. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഹൈദരാബാദില്‍ നിന്ന് ഉച്ചയ്ക്ക് 12:05ന് പുറപ്പെടുന്ന വിമാനം സൗദി സമയം വൈകുന്നേരം മൂന്നു മണിക്ക് റിയാദിലെത്തും. വൈകുന്നേരം നാലു മണിക്ക് സൗദിയില്‍ നിന്ന് തിരിച്ചുപറക്കുന്ന വിമാനം രാത്രി 11ന് ഹൈദരാബാദില്‍ ഇറങ്ങും.
എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും വെബ്സൈറ്റിലൂടെയും മറ്റ് പ്രധാന ബുക്കിങ് പ്ലാറ്റ്ഫോമുകളിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം.
സൗദി അറേബ്യയിലും മിഡില്‍ ഈസ്റ്റിലും തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതില്‍ എയര്‍ലൈന്‍ നടത്തിയ സുപ്രധാന നീക്കമാണിത്. ഇതോടെ, എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ഹൈദരാബാദില്‍ നിന്ന് സൗദി അറേബ്യയിലെ മൂന്ന് പ്രധാന നഗരങ്ങളിലേക്കും സര്‍വീസായി. ജിദ്ദയിലേക്കും ദമ്മാമിലേക്കും നേരിട്ടുള്ള സര്‍വീസുകള്‍ നേരത്തേയുണ്ട്.
ഇന്ത്യ-ഗള്‍ഫ് റൂട്ടുകള്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പ്രധാന താവളമാണെന്ന് പുതിയ സര്‍വീസ് പ്രഖ്യാപന വേളയില്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഇന്റര്‍നാഷണല്‍ ബിസിനസ് വൈസ് പ്രസിഡന്റ് താര നായിഡു പറഞ്ഞു. ഹൈദരാബാദിനെ സൗദി അറേബ്യയിലെ മൂന്ന് പ്രധാന നഗരങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കാന്‍ കഴിഞ്ഞതില്‍ കമ്പനിക്ക് അതിയായ സന്തോഷമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.