യുഎഇ: യുഎഇയിൽ നിന്ന് കേരളം ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്കുള്ള അധിക ബാഗേജ് നിരക്ക് എയർ ഇന്ത്യ എക്സ്പ്രസ് കുറച്ചു. മൂന്നിലൊന്നാക്കിയാണ് എയർ ഇന്ത്യ നിരക്ക് കുറച്ചിരിക്കുന്നത്. സെപ്റ്റംബർ 30 വരെ ബുക്ക് ചെയ്യുകയും ഒക്ടോബർ 19നകം യാത്ര ചെയ്യുകയും വേണം എന്ന നിബന്ധനയാണ് എയർ ഇന്ത്യ എക്സ്പ്രസ് മുന്നോട്ടുവെച്ചിരിക്കുന്നത്.
ദുബായ്, ഷാർജ, റാസൽഖൈമ, അബുദാബി, അൽഐൻ, തുടങ്ങിയ സെക്ടറുകളിൽ നിന്നും യാത്ര ചെയ്യുന്നവർക്ക് ഈ സേവനം ലഭിക്കും. കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇത് ഉപയോഗപ്പെടുത്താം. വിമാനങ്ങളിൽ 5 കിലോ അധിക ബാഗേജിന് 150 ദിർഹം ആയിരുന്നു. ഇത് കുറച്ച് 49 ദിർഹമാക്കി. അധിത 10 കിലേയ്ക്ക് 300 ദിർഹത്തിൽ നിന്നും 99 ദിർഹത്തിലേക്ക് എത്തി. 15 കിലോയ്ക്ക് 500 ആയിരുന്നു. ഇത് 199 റിയാൽ നൽകിയാൽ മതിയാകും.
ഷാർജയിൽ നിന്നും പുറപ്പെടുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ, സൂറത്ത്, ട്രിച്ചി, വരാണാസി, അമൃത്‍സർ, ചണ്ഡിഗഡ് എന്നീ സെക്ടറിലേക്ക് പുറപ്പെടുന്നവർക്ക് ഈ പുതിയ നിരക്ക് സംവിധാനം ഉപയോഗിക്കാൻ സാധിക്കും. ഡൽഹി, മുംബൈ, വിജയവാഡ, ഇൻഡോർ എന്നീ സെക്ടറുകളിലേക്കുള്ള വിമാനങ്ങളിൽ 5 കിലോ അധിക ബാഗേജ് സൗജന്യമായി ലഭിക്കും 10 കിലോ അധികം കൊണ്ടുവരുകയാണെങ്കിൽ 49 ദിർഹം നൽകിയാൽ മതിയാകും. 15 കിലോയാണ് അധികം കൊണ്ടുവരുന്നത് എങ്കിൽ 199 ദിർഹം അധികമായി നൽകിയാൽ മതിയാകും.
അതിനടെ കഴിഞ്ഞ ദിവസം ഖത്തറില്‍ നിന്ന് തിരുവനന്തപുരത്തേക്ക് നോണ്‍ സ്‌റ്റോപ് സര്‍വീസ് എയർ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ഒക്ടോബര്‍ 29നാണ് സര്‍വീസ് ആരംഭിക്കുക. യാത്രക്കായുള്ള ടിക്കറ്റ് ബുക്കിങ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ആഴ്ചയില്‍ നാല് ദിവസമാണ് ദോഹ-തിരുവനന്തപുരം, തിരുവനന്തപുരം-ദോഹ സെക്ടറിലേക്ക് എയർ ഇന്ത്യ സർവീസ് നടത്തുന്നത്. ഞായര്‍, ശനി, വ്യാഴം, ചൊവ്വ തുടങ്ങിയ ദിവസങ്ങളിൽ ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് ഉണ്ടായിരിക്കും. ശൈത്യകാല ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയാണ് ദോഹയില്‍ നിന്ന് നോണ്‍ സ്‌റ്റോപ്പ് സര്‍വീസ് പ്രഖ്യാപിച്ചത്