തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം. രണ്ടു ദിവസമായാണ് സംസ്ഥാന കമ്മിറ്റി യോഗം ചേരുക. ലോക്സഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ, തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് തോൽവി അടക്കമുളള സംഘടനാ വിഷയങ്ങളിലെ അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകളും ചർച്ച ചെയതേക്കും. എഐ ക്യാമറ വിവാദങ്ങൾക്കിടെയാണ് യോഗം ചേരുന്നത് എന്നത് ശ്രദ്ധേയമാണ്.
വെളളിയാഴ്ച നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ എഐ ക്യാമറ വിവാദം ചർച്ച ചെയ്തിരുന്നില്ല. വിഷയം സെക്രട്ടറിയേറ്റ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരാമർശിച്ചില്ലെന്നാണ് സൂചന. സംഘടനാ വിഷയങ്ങൾ മാത്രമാണ് ഇന്ന് ചർച്ച ചെയ്തത്. വിവിധ കമ്മീഷൻ റിപ്പോർട്ടുകൾ സെക്രട്ടറിയേറ്റിന്റെ പരിഗണനയ്ക്ക് വന്നു. സംസ്ഥാന കമ്മിറ്റി യോഗത്തിന് മുന്നോടിയായി വീണ്ടും സെക്രട്ടറിയേറ്റ് യോഗം ചേരാൻ സാധ്യതയുണ്ട്.
അതേസമയം എ ഐ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തത് അന്വേഷണം നടക്കുന്നത് കൊണ്ടാണെന്ന് എ കെ ബാലൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ വകുപ്പ് തന്നെ അന്വേഷണത്തിന് ഉത്തരവിട്ട ഒരു വിഷയത്തില്‍ മെറിറ്റിലേക്ക് കടന്നുകൊണ്ട് മുഖ്യമന്ത്രി അഭിപ്രായം പറയുന്നതു ശരിയല്ല. അതിനാലാണ് പ്രതിപക്ഷ ആരോപണത്തെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കാത്തത്. എല്ലാ വിവാദങ്ങള്‍ക്കും മറുപടി പറയാനാകില്ല. നിയമപരമായി പറയേണ്ടതിന് അങ്ങനെ മറുപടി പറയും. റോഡിലെ ക്യാമറ വിവാദത്തില്‍ നിരന്തരമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ മനസ്സില്ലെന്നും എകെ ബാലന്‍ പ്രതികരിച്ചിരുന്നു.