അബുദബി: അടുത്തമാസം അബുദബിയിൽ നടക്കുന്ന ‘അഹ്‌ലൻ മോദി’ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഫെബ്രുവരി 13നാണ് അബുദബിയിൽ ‘അഹ്‌ലൻ മോദി’ എന്ന പരിപാടി നടക്കുന്നത്. പരിപാടിയിൽ മോദി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. 50,000 പേർ പങ്കെടുക്കുന്ന ഈ പരിപാടി ഇന്ത്യൻ പ്രവാസികളുടെ ഏറ്റവും വലിയ സമ്മേളനങ്ങളിൽ ഒന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
അബുദബിയിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം ഫെബ്രുവരി 14ന് ഉദ്ഘാടനം ചെയ്യാനെത്തുന്നതാണ് മോദി. അബുദബിയിൽ ഒരുങ്ങുന്ന ഹിന്ദു ക്ഷേത്രം ഫെബ്രുവരി 18 മുതൽ പൊതുജനങ്ങൾക്കായി ഔദ്യോഗികമായി തുറന്നുകൊടുക്കും. പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമാണ് അബുദബിയിലേത്. 2019 ഡിസംബറില്‍ ആരംഭിച്ച ക്ഷേത്രത്തിന്റെ അവസാനഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്.
നൂറ് കണക്കിന് തൊഴിലാളികളുടെ നേതൃത്വത്തിലാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്. ക്ഷേത്രസമര്‍പ്പണ ചടങ്ങുകള്‍ക്ക് മഹന്ത് സ്വാമി മഹാരാജ് ആണ് നേതൃത്വം വഹിക്കുക. ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമായിരിക്കും അന്ന് പ്രവേശനം അനുവദിക്കുക. എന്നാല്‍ ഫെബ്രുവരി 18 മുതല്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാനാകും. ഇന്ത്യയുടെ സമ്പന്നമായ കലയും മൂല്യങ്ങളും സംസ്‌കാരവും ഉള്‍ക്കൊള്ളിച്ചാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണം. അതേസമയം സമീപ വർഷങ്ങളിൽ, ഉന്നതതല സന്ദർശനങ്ങളിലും നയതന്ത്ര വിനിമയങ്ങളിലും ഇരു രാജ്യങ്ങളും സജീവമായി പങ്കെടുത്തതോടെ ഇന്ത്യ-യുഎഇ ബന്ധങ്ങൾ ഗണ്യമായ വളർച്ച കൈവരിച്ചിട്ടുണ്ട്.