ജിദ്ദ: പാകിസ്താനിലെ ഏജന്റുമാര്‍ പണംവാങ്ങി ഉംറ തീര്‍ത്ഥാടകരുടെ വേഷത്തില്‍ യാചകരെ വ്യാപകമായി സൗദിയിലെത്തിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ 16 പേരെ വിമാനത്താവളത്തില്‍ പിടികൂടി. സൗദി അറേബ്യയിലേക്കുള്ള വിമാനത്തില്‍ കയറാനെത്തിയ ഇവരെ പാകിസ്ഥാന് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്ഐഎ) മുല്ത്താന് വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തു.
ഒരു കുട്ടിയും 11 സ്ത്രീകളും നാല് പുരുഷന്മാരും ഉള്‍പ്പെടെ 16 പേരടങ്ങുന്ന സംഘം തുടക്കത്തില്‍ ഉംറ വിസയിലാണ് വിമാനത്താവളത്തിനകത്ത് പ്രവേശിച്ചത്. ഇമിഗ്രേഷന്‍ പ്രക്രിയയ്ക്കിടെ സംശയം തോന്നിയതിനെ തുടര്‍ന്ന് എഫ്ഐഎ ഉദ്യോഗസ്ഥരെത്തി ചോദ്യംചെയ്തപ്പോള്‍ ഭിക്ഷാടനത്തിന് പോകുകയാണെന്ന് യാത്രക്കാര്‍ സമ്മതിച്ചതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
ഭിക്ഷാടനത്തിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ പകുതി ഏജന്റുമാര്‍ക്ക് നല്‍കണമെന്നാണ് വ്യവസ്ഥയെന്നും അവര്‍ വെളിപ്പെടുത്തി. യാത്രാക്രമീകരണങ്ങള്‍ക്കു വേണ്ടിയുള്ള തുകയായാണ് ഇത് വാങ്ങുന്നത്. ഉംറ വിസയുടെ കാലാവധി ഏതാനും മാസങ്ങള്‍ മാത്രമാണ്. ഇങ്ങനെ ഭിക്ഷാടനത്തിന് എത്തുന്നവര്‍ കാലാവധി അവസാനിച്ച ശേഷവും പലരും രാജ്യത്ത് തുടരുകയാണ് ചെയ്യുന്നത്. അധികാരികള്‍ പിടികൂടി നാടുകടത്തുന്നതുവരെ ഭിക്ഷാടനം തുടരുകയാണ് രീതി.
കൂടുതല്‍ ചോദ്യംചെയ്യലിനും നിയമനടപടിക്കുമായി എഫ്ഐഎ മുല്ത്താന് സര്‍ക്കിള്‍ യാത്രക്കാരുടെ അറസ്റ്റ് രേഖപ്പെടുത്തി. അനധികൃത മാര്‍ഗങ്ങളിലൂടെ ഭിക്ഷാടകരെ വന്‍തോതില്‍ വിദേശത്തേക്ക് കടത്തുന്നുണ്ടെന്ന് പ്രവാസികാര്യ-മാനവ വിഭവശേഷി വികസന മന്ത്രാലയം സെനറ്റ് കമ്മിറ്റിയെ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ്.
വിദേശ രാജ്യങ്ങളില്‍ പിടിക്കപ്പെടുന്ന യാചകരില്‍ 90 ശതമാനവും പാകിസ്ഥാനില്‍ നിന്നുള്ളവരാണെന്ന് മന്ത്രാലയ സെക്രട്ടറി സെനറ്റ് പാനലിനോട് വെളിപ്പെടുത്തിയിരുന്നു. പിടിയിലാവുന്ന യാചകരെ കൊണ്ട് ജയിലുകള്‍ തിങ്ങിനിറഞ്ഞതായി ഇറാഖിലെയും സൗദിയിലെയും പാകിസ്താന് അംബാസഡര്‍മാര്‍ അറിയിച്ചതായും ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.