Gulf

വീണ്ടും ‘നീറ്റായി’ ഗള്‍ഫില്‍ തന്നെ എഴുതാം; പരീക്ഷാ കേന്ദ്രങ്ങള്‍ പുനഃസ്ഥാപിച്ചു

Published

on

മനാമ: വിദേശത്തെ നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ പുനഃസ്ഥാപിച്ചു. മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് ഇന്ത്യക്ക് പുറത്ത് 14 നഗരങ്ങളില്‍ ഉണ്ടായിരുന്ന സെന്റര്‍ ഇത്തവണയും അനുവദിക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) അറിയിച്ചു.

ഈ വര്‍ഷത്തെ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചപ്പോള്‍ ഇന്ത്യക്ക് പുറത്തുള്ള പരീക്ഷാ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഓണ്‍ലൈന്‍ അപേക്ഷകള്‍ എന്‍ടിഎ സ്വീകരിച്ചുതുടങ്ങുകയും ചെയ്തു. ഇതോടെ ആശങ്കയിലായ വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ സ്‌കൂള്‍ മാനേജ്‌മെന്റുകളും എന്‍ടിഎക്ക് നിവേദനം നല്‍കിയിരുന്നു.

ബഹ്‌റൈനില്‍ മനാമയിലാണ് നീറ്റ് പരീക്ഷാ കേന്ദ്രമുള്ളത്. യുഎഇയില്‍ നേരത്തെയുള്ള കേന്ദ്രങ്ങളായ ദുബായ്, അബുദബി, ഷാര്‍ജ നഗരങ്ങളില്‍ പരീക്ഷക്ക് അപേക്ഷിക്കാം. ഖത്തര്‍ (ദോഹ), കുവൈറ്റ് (കുവൈറ്റ് സിറ്റി), ഒമാന്‍ (മസ്‌കറ്റ്), സൗദി അറേബ്യ (റിയാദ്) എന്നീ ഗള്‍ഫ് രാജ്യങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. തായ്ലന്‍ഡ്, ശ്രീലങ്ക, നേപ്പാള്‍, മലേഷ്യ, നൈജീരിയ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അവസരമുണ്ട്.

ഇതിനകം അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് പരീക്ഷാ കേന്ദ്രം മാറ്റുന്നതിന് അവസരമുണ്ട്. ഇതുവരെ അപേക്ഷ നല്‍കിയവര്‍ക്ക് ഇന്ത്യയിലുടനീളമുള്ള 554 കേന്ദ്രങ്ങളിലൊന്നാണ് തെരഞ്ഞെടുക്കാനാണ് ഓപ്ഷന്‍ ലഭിച്ചിരുന്നത്. ഫീസ് അടച്ച് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാര്‍ച്ച് ഒമ്പതിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ അവസാനിച്ച ശേഷം അപേക്ഷകളില്‍ തിരുത്തല്‍ അനുവദിക്കും. ഈ ഘട്ടത്തില്‍ വിദേശത്തുള്ള സെന്ററുകള്‍ തെരഞ്ഞെടുക്കാം.

പരീക്ഷാ കേന്ദ്രങ്ങള്‍ പുനരാരംഭിച്ചത് ഗള്‍ഫിലെ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ ആശ്വാസകരമാണ്. പരീക്ഷയെഴുതാന്‍ വേണ്ടി മാത്രമായി ഇന്ത്യയിലേക്ക് വരുന്ന സാഹചര്യം ഇതോടെ ഒഴിവാകും. വിമാന ടിക്കറ്റ് നിരക്ക് ഉയര്‍ന്ന സീസണില്‍ കുട്ടികള്‍ക്കൊപ്പം അവധിയെടുത്ത് രക്ഷിതാക്കളും യാത്രചെയ്യേണ്ടിവരുന്നത് പ്രയാസം സൃഷ്ടിക്കുമെന്ന് ഇന്ത്യന്‍ സ്‌കൂള്‍ ബഹ്റൈന്‍ (ഐഎസ്ബി) മാനേജ്മെന്റ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബഹ്റൈനിലെ ഇന്ത്യന്‍ എംബസിയുടെ മേല്‍നോട്ടത്തില്‍ 2022ലും 2023ലും ഇവിടെ നീറ്റ് യുജി പരീക്ഷ നടത്തിയിരുന്നു.

ഒമാനിലെ മസ്‌കറ്റില്‍ ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച ഓപണ്‍ ഹൗസിലും രക്ഷിതാക്കള്‍ അംബാസഡറെ കണ്ട് ഇക്കാര്യം ബോധിപ്പിച്ചിരുന്നു. മാതാപിതാക്കളുടെ സാന്നിധ്യമില്ലാതെ അപരിചിതമായ ചുറ്റുപാടുകളില്‍ പരീക്ഷ എഴുതേണ്ടിവരുന്നത് വിദ്യാര്‍ഥികളില്‍ മാനസിക പിരിമുറുക്കം സൃഷ്ടിക്കുമെന്ന് 300ലധികം രക്ഷകര്‍ത്താക്കള്‍ ഒപ്പിട്ട് അംബാസഡര്‍ക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version