Gulf

ഉംറ നിവര്‍ഹിച്ച ശേഷം ബോധരഹിതയായിരുന്ന തീര്‍ഥാടകയെ കേരളത്തിലെത്തിച്ചു

Published

on

ജിദ്ദ: ഉംറ നിര്‍വഹിച്ച് റൂമിലെത്തിയതിനു പിന്നാലെ ബോധരഹിതയാവുകയും ദിവസങ്ങളോളം തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയും ചെയ്ത മലയാളി തീര്‍ത്ഥാടകയെ ആരോഗ്യനില മെച്ചപ്പെട്ടതോടെ നാട്ടിലെത്തിച്ചു. തിരുവന്തപുരം നെടുമങ്ങാട് സ്വദേശിനി സുലൈഖ ബീവി ദമാമിലുള്ള ബന്ധുവിനൊപ്പമാണ് ജിദ്ദയില്‍ നിന്ന് സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ കൊച്ചിയിലേക്ക് യാത്രതിരിച്ചത്.

ഒക്ടോബര്‍ ആദ്യവാരമാണ് സുലൈഖ ബീവി ഉംറ ഗ്രൂപ്പിനു കീഴില്‍ തീര്‍ത്ഥാടനത്തിനെത്തിയത്. ആദ്യ ഉംറ നിര്‍വഹിച്ച് റൂമിലെത്തിയതിനു പിന്നാലെയാണ് അബോധാവസ്ഥയിലായത്. തുടര്‍ന്ന് അജ്‌യാദ് എമര്‍ജന്‍സി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കിങ് ഫൈസല്‍ ഹോസ്പിറ്റലിലേക്ക് മാറ്റുകയും തീവ്രപരിചരണ വിഭാഗത്തില്‍ ഒരാഴ്ചയോളവും കഴിയുകയും ചെയ്തു. പിന്നീട് വാര്‍ഡിലേക്ക് മാറ്റിയെങ്കിലും രണ്ടു ദിവസം മുമ്പാണ് ഡിസ്ചാര്‍ജ് ആയത്.

ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സാമൂഹികക്ഷേമ അംഗവും സൗദി ഇന്ത്യന്‍ ഹെല്‍ത്ത് കെയര്‍ എക്‌സിക്യൂട്ടീവ് അംഗവുമായ മുഹമ്മദ് ഷമീം നരിക്കുനിയുടെ സഹായത്തോടെ ആശുപത്രിയിലെയും മടക്കയാത്രയ്ക്കുമുള്ള രേഖകള്‍ ശരിയാക്കി. രോഗികളായവരെ തീര്‍ത്ഥാടനത്തിന് കൊണ്ടുവരുന്ന ഉംറ ഗ്രൂപ്പുകള്‍ പരിചരണത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കുകയും മടക്കയാത്രാ ടിക്കറ്റ്, മറ്റു സൗകര്യങ്ങള്‍ എന്നിവ ഒരുക്കുകയും ചെയ്യേണ്ടതിന്റെ പ്രധാന്യം ബോധ്യപ്പെടുത്തുന്ന സംഭവമാണിതെന്ന് ഷമീം നരിക്കുനി ചൂണ്ടിക്കാട്ടി.

ഉംറ ഗ്രൂപ്പുകള്‍ ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി മെഡിക്കല്‍ കോ ഓര്‍ഡിനേറ്റര്‍ സംവിധാനം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ഇതുമായി ബന്ധപ്പെട്ട് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ്, റിയാദ് ഇന്ത്യന്‍ എംബസി, കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം എന്നിവക്ക് പരാതി നല്‍കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version