തെന്നിന്ത്യയിൽ തന്നെ ഏറ്റവും ഹൈപ്പുള്ള സിനിമകളിൽ ഒന്നാണ് മണിരത്‌നവും കമൽ ഹാസനും ഒന്നിക്കുന്ന തഗ് ലൈഫ്. വലിയ താരനിര അണിനിരക്കുന്ന സിനിമയുടെ എല്ലാ അപ്ഡേറ്റുകൾക്കും സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ഇപ്പോഴിതാ കമൽ ആരാധകർക്ക് ഏറെ ആവേശമുണർത്തുന്ന അപ്ഡേറ്റാണ് സിനിമയെക്കുറിച്ച് വന്നിരിക്കുന്നത്.
സിനിമയ്ക്കായി കമൽ ഹാസൻ ഗാനം രചിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. എ ആര്‍ റഹ്‍മാനാണ് തഗ് ലൈഫിന് സംഗീതം ഒരുക്കുന്നത്. റഹ്മാന്റെ സംഗീതവും കമലിന്റെ വരികളും ചേർന്ന ഗാനം വരുമ്പോൾ അത് ആരാധകരിൽ വലിയ പ്രതീക്ഷയാണ് ഉണർത്തുന്നത്. നേരത്തെ ഹേ റാം, വിരുമാണ്ടി, ഉന്നൈപ്പോൽ ഒരുവൻ, വിക്രം തുടങ്ങിയ സിനിമകൾക്കായി കമൽ ഗാനം എഴുതിയിട്ടുണ്ട്.
മലയാളത്തിൽ നിന്ന് ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ് തുടങ്ങിയവരും തഗ് ലൈഫിന്റെ ഭാഗമാകുന്നുണ്ട്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റ് മൂവീസും ചേർന്നാണ് തഗ് ലൈഫ് നിർമ്മിക്കുന്നത്. തൃഷ, ഗൗതം കാർത്തിക് എന്നിവരും സിനിമയുടെ ഭാഗമാണ്.
1987ൽ പുറത്തിറങ്ങിയ നായകന് ശേഷം മണിരത്നവും കമലും ഒന്നിക്കുന്നു എന്നതാണ് തഗ് ലൈഫിന്റെ ഏറ്റവും വലിയ പ്രത്യേകത. രവി കെ ചന്ദ്രൻ ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിങ്ങും അൻപറിവ് സംഘട്ടന സംവിധാനവും നിർവ്വഹിക്കുന്നു.