Sports

ഹാട്രിക് പെനാൽട്ടി ഗോളുകളുമായി അഫിഫ്; ജോർദാനെ തകർത്ത് ഏഷ്യൻ കപ്പ് സ്വന്തമാക്കി ഖത്തർ

Published

on

ചരിത്രം രചിച്ച് ഫൈനലിലെത്തിയ ജോർദാനെ മറികടന്ന് എഎഫ്സി ഏഷ്യൻ കപ്പിൽ (AFC Asian Cup 2024) മുത്തമിട്ട് ഖത്തർ (Qatar vs Jordan). ആതിഥേയരായ ഖത്തർ ഇത് തുടർച്ചയായി രണ്ടാം തവണയാണ് ഏഷ്യൻ കപ്പ് കിരീടം നേടുന്നത്. ഫൈനലിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ജോർദാനെ പരാജയപ്പെടുത്തിയത്. മൂന്ന് പെനാൽട്ടികൾ ഗോളാക്കി മാറ്റിയ ഖത്തറിൻെറ അക്രം അഫീഫാണ് കളിയിലെ താരമായത്.

മത്സരത്തിൻെറ ഒന്നാം പകുതിയുടെ 22ാം മിനിറ്റിൽ അഫീഫിലൂടെ ഖത്തർ തന്നെയാണ് ആദ്യം ലീഡെടുത്തത്. എന്നാൽ 67ാം മിനുറ്റിൽ ഗോൾ മടക്കി ജോർദാൻ ഞെട്ടിച്ചു. യാസൻ അൽ നെയ്മത്തായിരുന്നു ഗോൾ സ്കോറർ. ജോർദാൻെറ സന്തോഷത്തിന് അധികനേരം ആയുസുണ്ടായില്ല. 73ാം മിനിറ്റിലും പിന്നീട് ഇഞ്ചുറി ടൈമിലും പെനാൽട്ടികൾ ഗോളാക്കി മാറ്റി അഫീഫ് ഖത്തറിനെ വിജയത്തിലേക്ക് നയിച്ചു.

ഇതാദ്യമായിട്ടായിരുന്നു ജോർദാൻ ഒരു പ്രധാന അന്താരാഷ്ട്ര ടൂർണമെന്റിന്റെ ഫൈനലിൽ എത്തുന്നത്. 2023ൽ അത്ര മികച്ച ഫോമിലല്ലായിരുന്ന ടീമിന് ഏഷ്യൻ കപ്പിലും പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്‌. ഗ്രൂപ്പ് ഇ യിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത അവർ തപ്പിത്തടഞ്ഞ് നോക്കൗട്ടിൽ പ്രവേശിക്കുകയായിരുന്നു.

പ്രീക്വാർട്ടറിൽ ഇറാഖിനെ 3-2 ന് വീഴ്ത്തിയാണ് ടീം ക്വാർട്ടർ പ്രവേശനം നടത്തിയത്. ക്വാർട്ടറിൽ തജിക്കിസ്താനായിരുന്നു എതിരാളികൾ. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഈ മത്സരം അവർ സ്വന്തമാക്കിയത്. സെമിയിൽ കരുത്തരായ ദക്ഷിണ കൊറിയയെയാണ് ജോർദാന് എതിരാളികളായി ലഭിച്ചത്‌. വമ്പൻ അട്ടിമറി നടത്തിയ അവർ 2-0 ന് വിജയിച്ച് ഫൈനലിലേക്ക് മാർച്ച് ചെയ്തു‌.

മിന്നും ഫോമിലാണ് ഖത്തർ തുടക്കം മുതൽ കളിച്ചത്. ഗ്രൂപ്പ് എ യിൽ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച അവർ ആധികാരികമായി നോക്കൗട്ടിലേക്കെത്തി‌. പ്രീ ക്വാർട്ടറിൽ പാലസ്തീനെ 2-1 ന് വീഴ്ത്തിയ ഖത്തറിന് ക്വാർട്ടറിൽ എതിരാളികളായി ലഭിച്ചത് ഉസ്ബക്കിസ്താനെ. നിശ്ചിത സമയത്ത് 1-1 എന്ന സ്കോറിൽ അവസാനിച്ച മത്സരം പെനാൽറ്റിയിൽ 3-2 ന് ഖത്തർ സ്വന്തമാക്കി. സെമിയിൽ ഇറാനുമായിട്ടായിരുന്നു ഖത്തറിന് കളി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് വിജയിച്ച് ഖത്തർ ഫൈനലിലെത്തി‌.

ടൂർണമെൻറിൽ തകർപ്പൻ പ്രകടനം നടത്തിയ ഖത്തർ താരം അക്രം അഫീഫാണ് ടോപ് ഗോൾ സ്കോററർ. ഫൈനലിലെ മൂന്ന് ഗോളുകളടക്കം ആകെ 10 ഗോളുകളാണ് താരം അടിച്ചത്. ഏറ്റവും മൂല്യമുള്ള കളിക്കാരനുള്ള പുരസ്കാരവും താരം സ്വന്തമാക്കി.

ആദ്യമായി ഏഷ്യൻ കപ്പ് ഫൈനലിലെത്തിയ ജോർദാൻ പരാജയപ്പെട്ടെങ്കിലും അഭിമാനത്തോടെയാണ് മടങ്ങുന്നത്. മത്സരത്തിൻെറ 70ാം മിനിറ്റ് വരെ 1-1 എന്ന നിലയിൽ ഖത്തറിനെ പിടിച്ച് നിർത്താനും അവർക്ക് സാധിച്ചു. ഏഷ്യൻ ഫുട്ബോളിൽ ഒരു പുതിയ ശക്തിയുടെ വരവറിയിക്കുന്ന പ്രകടനമാണ് അവർ നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version