ചെന്നൈ: ഗൗദം അദാനിയുടെ മുഴുവൻ സ്വത്തുവകകളും കണ്ടുകെട്ടി ലേലം ചെയ്യണമെന്ന ആവശ്യവുമായി മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുബ്രമണ്യൻ സ്വാമി. ലേലത്തിൽ ലഭിക്കുന്ന തുക പണം നഷ്ടമായവർക്ക് നൽകണം. പലർക്കും അദാനിയുമായി ബന്ധമുണ്ട്. അതൊന്നും തന്നെ ബാധിക്കില്ല. ഇക്കാര്യത്തിൽ ബിജെപി പരിശുദ്ധ ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അദാനിയുടെ സ്വത്ത് ദേശസാത്കരിക്കുകയും കണ്ടുകെട്ടി ലേലം ചെയ്യുകയും വേണം. ആ തുക പണം നഷ്ടമായവർക്ക് നൽകണം. കോൺഗ്രസിലെ പലരും അദാനിയുമായി ഇടപാട് നടത്തിയിരുന്നു. അതൊന്നും ഞാൻ കാര്യമാക്കുന്നില്ല. ബിജെപി പരിശുദ്ധി ഉറപ്പാക്കണമെന്നാണ് തന്റെ ആഗ്രഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പലതും മറച്ചുവെയ്ക്കാനുണ്ടെന്നാണ് ഇപ്പോഴത്തെ ജനസംസാരം. അതിനെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും വിമർശനമുണ്ട്.
മദ്രാസ് ഹൈക്കോടിതിയിൽ വിക്ടോറിയ ഗൗരിയെ അഡീഷ്ണൽ ജഡ്ജിയായി നിയമിച്ചതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. അവർ ജഡ്ജിയായി ചുമതലയേറ്റ ശേഷം അവരിൽ നിന്നുണ്ടാകുന്ന പ്രവർത്തി അനുസരിച്ചു വേണം വിലയിരുത്താൻ. ജനാധിപത്യ രാജ്യത്ത് ആർക്കും ആരെയും വെല്ലുവിളിക്കാം. അവർ പറഞ്ഞതൊക്കെയും ഒരു വ്യക്തി എന്ന നിലയിലും ആർഎസ്എസ്-ബിജെപി പ്രവർത്തക എന്ന നിലയിലുമാണ്. അവർ ജഡ്ജിയായി നിയമിക്കപ്പെട്ട ശേഷം അത്തരത്തിൽ പെരുമാറുന്നുവെങ്കിൽ പ്രശ്നമാണ്. ചീഫ് ജസ്റ്റിസ് ഇതേക്കുറിച്ച് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അവർ ഇപ്പോൾ അഡീഷ്ണൽ ജഡ്ജി മാത്രമാണ്. രണ്ട് വർഷത്തിനു ശേഷം അവരുടെ പ്രവർത്തനത്തെ വിലയിരുത്തും. അതുകൊണ്ട് നിയമാനുസൃതമായി അവർക്ക് പ്രവർത്തിക്കേണ്ടിവരും.
ഞങ്ങൾ വേറെ ചിലരെ ജഡ്ജിമാരാക്കിയിരുന്നു. അവരുടെ പേര് പറയാൻ ആഗ്രഹിക്കുന്നില്ല. അവർ ജഡ്ജിമാരാകുന്നതിനു മുമ്പ് മുസ്ലിങ്ങൾക്കെതിരെ വിദ്വേഷം വെച്ചുപുലർത്തിയിരുന്നവരാണ്. അവർക്ക് ചില കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നതുകൊണ്ടാണ് ഇത്തരത്തിൽ വേട്ടയാടപ്പെടുന്നത്. എന്തുകൊണ്ടാണ് ആ സമയത്ത് നിങ്ങൾ അവരെ വിമർശിക്കാതിരുന്നത്. അവർ ആ പരാമർശം നടത്തിയപ്പോൾ നിങ്ങൾക്ക് അത് എളുപ്പത്തിൽ ചെയ്യാമായിരുന്നു. ഒരു പൊതുതാൽപര്യ ഹർജി പോലും ഫയൽ ചെയ്യാമായിരുന്നു. കേസ് കൊടുക്കാനുള്ള സാഹചര്യവും ഉണ്ടായിരുന്നു. ഇത് സുപ്രീംകോടതി ജഡ്ജിമാരുടെ പിന്തുണയോടെയുള്ള നിയമനമാണ്. അതുകൊണ്ട് അവർക്കെതിരെ നടക്കുന്നത് നുണപ്രചാരണമാണെന്ന് വിശ്വസിക്കുന്നു.
കേന്ദ്രബജറ്റിനെതിരായ വിമർശനത്തിൽ ഉറച്ചു നിൽക്കുകയാണെന്ന് സുബ്രമണ്യൻ സ്വാമി പറഞ്ഞു. 2023-24 ലെ കേന്ദ്ര ബജറ്റ് ലക്ഷ്യങ്ങളില്ല. അതിർത്തിയിൽ ചൈന പ്രശ്നങ്ങളുണ്ടാക്കുന്ന ഘട്ടത്തിൽ പ്രതിരോധ വിഹിതം കുറവാണെന്ന് അദ്ദേഹം പറഞ്ഞു. ഈ ബജറ്റ് വെറും വ്യാജമാണ്. ഈ ബജറ്റിന്റെ ലക്ഷ്യമെന്താണ്? ഒരു ലക്ഷ്യവും കണ്ടില്ല. അടുത്ത വർഷം ഇന്ത്യ ആറര ശതമാനം വളർച്ച കൈവരിക്കുമെന്നു പറഞ്ഞു. കഴിഞ്ഞ വർഷത്തെ കാര്യമോ? 2019 മുതൽ പ്രതിവർഷം മൂന്നോ നാലോ ശതമാനം മാത്രമാണ് വളർന്നത്. ഇതെങ്ങനെ ആറ് ശതമാനത്തിലെത്തും?
കൃഷിക്കാണോ, വ്യാവസായങ്ങൾക്കാണോ അതോ സേവന മേഖലയ്ക്കാണോ മുൻഗണന? അതേക്കുറിച്ചൊന്നും പരാമർശമില്ല. എന്താണ് നിങ്ങളുടെ സർക്കാരിന്റെ സ്ട്രാറ്റജി? സർക്കാരിന്റെ നിയന്ത്രണം സംബന്ധിച്ചുള്ള സ്ട്രാറ്റജി നിങ്ങൾക്കുണ്ടോ? സുബ്രമണ്യൻ സ്വാമി ചോദിക്കുന്നു.