ഇന്ത്യൻ വിപണികളിൽ ഇന്നും വലിയ തോതിലുള്ള അസ്ഥിരത പ്രകടമായി. നിഫ്റ്റി 50 സൂചിക 5.90 പോയിന്റുകൾ (0.03%) ഇടിഞ്ഞ് 17,610.40 പോയിന്റുകളിൽ വ്യാപാരം അവസാനിപ്പിച്ചു.ബിഎസ്ഇ സെൻസെക്സ് സൂചിക 289.17 പോയിന്റുകൾ ഉയർന്ന് 59,997.25 പോയിന്റുകളിൽ വ്യാപാരം ക്ലോസ് ചെയ്തു. നിഫ്റ്റിയിലെ സെക്ടറുകളിൽ ഫിൻസെർവ്,മെറ്റൽ,ഫാർമ, പി എസ് യു ബാങ്ക്, എന്നീ ഓഹരികൾ നഷ്ടം നേരിട്ടു. ഇന്നലെയാണ് അദാനി എന്റർപ്രൈസസിന്റെ എഫ്പിഒ റദ്ദാക്കാനുള്ള തീരുമാനം അദാനി കൈക്കൊണ്ടത്. ഇതേ തുടർന്ന് ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ വലിയ വില്പന സമ്മർദ്ദം പ്രകടമായി. അദാനി ഓഹരികളിൽ ഭൂരിഭാഗവും ഇന്ന് ലോവർ സർക്യൂട്ടിലെത്തി.
അദാനി ഗ്രൂപ്പിലെ ഭൂരിഭാഗം ഓഹരികളും ഇന്ന് ലോവർ സർക്യൂട്ടിലെത്തി. അദാനി എന്റർപ്രൈസസ് 26.70% ഇടിവ് രേഖപ്പെടുത്തി. അദാനി ഗ്രീൻ 10% താഴ്ന്ന് ലോവർ സർക്യൂട്ടിലെത്തി. അദാനി പോർട്സ് 6.60% ഇടിഞ്ഞ് 462.45 രൂപയിലെത്തി. അദാനി പവർ 4.98% ഇടിഞ്ഞ് ലോവർ സർക്യൂട്ടിലെത്തി. അദാനി ട്രാൻസ്മിഷൻ 10% വില താഴ്ന്ന് 1551.15 നിലവാരത്തിൽ ലോവർ സർക്യട്ട് തൊട്ടു. അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡ് 10% വിലയിടിഞ്ഞ് 1707.70 രൂപയിൽ ലോവർ സർക്യൂട്ടിൽ ലോക് ചെയ്തു. അദാനി വിൽമർ 5% വിലയിടിഞ്ഞ് ലോവർ സർക്യൂട്ടിലെത്തി. അദാനി ഏറ്റെടുത്ത എൻഡിടിവി 4.99% വിലയിടിഞ്ഞ് 223.95 നിലവാരത്തിൽ ലോവർ സർക്യൂട്ടിലെത്തി. അദാനി ഗ്രൂപ്പ് ഏറ്റെടുക്കൽ നടത്തിയ എസിസി ഓഹരികളുടെ വില 0.28% ഇടിഞ്ഞ് 1841.25 രൂപയിൽ എത്തിയപ്പോൾ, അംബുജ സിമന്റ്സ് 5.52% ലാഭം നേടി 352.55 നിലവാരത്തിൽ എത്തി. ഇതോടെ ഇതുവരെയുള്ള അദാനി ഓഹരികളുടെ ആകെ നഷ്ടം ഏകദേശം 1 ബില്യൺ ഡോളറും മറികടന്നു.
സെൻസെക്സിൽ ബജാജ് ഫിനാൻസ്, എൻടിപിസി, ഏഷ്യൻ പെയിന്റ്സ്, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, പവർ ഗ്രിഡ് എന്നിവ കൂടുതൽ നഷ്ടം നേരിട്ടു. അതേ സമയം ഐടിസി, അൾട്രാ ടെക് സിമന്റ്, ഇൻഡസ് ഇൻഡ് ബാങ്ക്, ടൈറ്റാൻ, മാരുതി എന്നീ ഓഹരികൾ കൂടുതൽ ലാഭം നേടി.
അദാനി ഓഹരികൾ തുടർച്ചയായി ഇടിവ് രേഖപ്പെടുത്തുന്നത് നിക്ഷേപകരെയും പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. ഹിൻഡൻബർഗ് ഉന്നയിച്ച മിക്ക ആരോപണങ്ങളിലും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ അന്വേഷണം നടത്തുന്നുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇതിനിടെ സിറ്റി ഗ്രൂപ്പിന്റെ വെൽത്ത് ഗ്രൂപ്പ് അദാനി ഗ്രൂപ്പിന്റെ സെക്യൂരിറ്റികൾ ഈടായി സ്വീകരിച്ചു കൊണ്ട് തങ്ങളുടെ ക്ലയന്റ്സിന് നൽകി വന്നിരുന്ന വായ്പ നിർത്തിവെച്ചതായും മറ്റൊരു റോയിട്ടേഴ്സ് റിപ്പോർട്ടിൽ പരാമർശമുണ്ട്.