അബുദബി: അബുദബിയിലെ പ്രധാന വിദ്യാലയമായ ദി മോഡൽ സ്കൂളിൽ സി ബി എസ് ഇ കരിക്കുലം നിർത്തലാക്കാക്കുന്നു. അബുദബിയിൽ കേരള- സി ബി എസ് ഇ കരിക്കുലങ്ങൾ ഒരു പോലെ പഠിപ്പിക്കുന്ന ഏക വിദ്യാലയമാണ് മുസഫയിൽ പ്രവർത്തിക്കുന്ന മോഡൽ സ്കൂൾ. കേരള സിലബസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന അബുദബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡക്ക്) നിർദേശമാണ് സി ബി എസ് ഇ നിർത്തലാക്കാൻ മാനേജ്മെന്റിനെ പ്രേരിപ്പിച്ചത്.
കരിക്കുലം നിർത്തലാക്കുന്നതിന്റെ മുന്നോടിയായി സി ബി എസ് ഇ സിലബസിലേക്ക് പുതിയ അധ്യയന വർഷം കുട്ടികൾക്ക് പ്രവേശനം നൽകിയില്ല. 37 വർഷം മുമ്പ് പ്രവർത്തനം ആരംഭിച്ച അബുദബി മുസഫ മോഡൽ സ്കൂളിൽ പത്ത് വർഷം മുമ്പാണ് സി ബി എസ് ഇ കരിക്കുലം ആരംഭിച്ചത്. കേരളത്തിന് പുറത്തുള്ള മലയാളികൾ അല്ലാത്ത കുട്ടികളെ ലക്ഷ്യമാക്കിയായിരുന്നു അത്. മലയാളികളിതര കുട്ടികളും പഠിക്കുന്ന സ്കൂളിൽ സി ബി എസ് ഇ സിലബസ് നിർത്തലാക്കാൻ സ്കൂൾ മാനേജ്മെന്റിന് താത്പര്യമില്ല.
അതുകൊണ്ട് മോഡൽ സ്കൂൾ അധികൃതർ പുതിയ നിർദേശം അഡക്കിന് മുമ്പിൽ സമർപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കുട്ടികൾക്ക് പുറമെ മറ്റ് രാജ്യങ്ങളിലെ കുട്ടികളും മോഡൽ സ്കൂളിൽ പഠിക്കുന്നുണ്ട്. നിലവിൽ സി ബി എസ് ഇ പഠിക്കുന്ന കുട്ടികൾ കേരള കരിക്കുലം പഠിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ കെ ഇ ആർ സിലബസിൽ ആവശ്യമായ സീറ്റ് ഉറപ്പാക്കുമെന്ന് സ്കൂൾ മാനേജ്മെന്റ് അറിയിച്ചു.