അബുദാബി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ആര്‍ആര്‍വിഎല്ലിലേക്ക് (റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്‌സ് ലിമിറ്റഡ്) അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ (എഡിഐഎ) പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറി കമ്പനി 4,966.80 കോടി രൂപ നിക്ഷേപിക്കുന്നു. ഇതിലൂടെ ആര്‍ആര്‍വിഎല്ലിന്റെ ഓഹരി മൂല്യം 8.381 ലക്ഷം കോടി രൂപയായി. ഓഹരി മൂല്യത്തില്‍ ഇന്ത്യയിലെ മികച്ച നാല് കമ്പനികളില്‍ ഇടംനേടിയെന്നും ആര്‍ആര്‍വിഎല്‍ പത്രക്കറിപ്പില്‍ അറിയിച്ചു.
അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ ആര്‍ആര്‍വിഎല്ലിലെ ഓഹരി മൂല്യം 0.59 ശതമാനമാണ്. ഇന്ത്യയിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ റീട്ടെയില്‍ ബിസിനസ്സ് സംരംഭമാണ് ആര്‍ആര്‍വിഎല്ലെന്നും 267 ദശലക്ഷം ഉപഭോക്താക്കളാണ് ഇതിന്റെ ശക്തിയെന്നും പത്രക്കുറിപ്പില്‍ കമ്പനി വ്യക്തമാക്കി.
പലവ്യജ്ഞനങ്ങള്‍, ഇലക്ട്രോണിക്‌സ്, ഫാഷന്‍, ലൈഫ്‌സ്‌റ്റൈല്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയില്‍ വ്യാപിച്ചുകിടക്കുന്ന 18,500 സ്റ്റോറുകളും ഡിജിറ്റല്‍ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും ഉള്‍ക്കൊള്ളുന്ന ബൃഹത് നെറ്റ്‌വര്‍ക്ക് കമ്പനിക്കുണ്ട്. ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുകയും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എംഎസ്എംഇ) ശാക്തീകരിക്കുകയും ആഗോള, ആഭ്യന്തര സ്ഥാപനങ്ങളുമായുള്ള സഹകരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഇന്ത്യന്‍ റീട്ടെയില്‍ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുകയാണെന്നും അവകാശപ്പെട്ടു.
ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം ഇന്ത്യന്‍ സമൂഹത്തിന് ഗണ്യമായ നേട്ടങ്ങള്‍ നല്‍കാനും കമ്പനിക്ക് സാധിച്ചു. അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇഷ മുകേഷ് അംബാനി പറഞ്ഞു.
റീട്ടെയില്‍ വ്യാപാര രംഗത്ത് ശക്തമായ വളര്‍ച്ച നേടിയ റിലയന്‍സ് റീട്ടെയിലുമായി കൈകോര്‍ക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് എഡിഐഎയിലെ പ്രൈവറ്റ് ഇക്വിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹമദ് ഷാവാന്‍ അല്‍ദഹേരിയും അറിയിച്ചു.