Gulf

രക്ഷിതാക്കൾ വാട്സ്ആപ്പിലൂടെ അപകീർത്തിപ്പെടുത്തുന്നു;പരാതിയുമായി അബുദാബി സ്വകാര്യസ്കൂൾ മാനേജ്മെന്റുകൾ

Published

on

അബുദബി: രക്ഷിതാക്കളുടെ വാട്‌സാപ് കൂട്ടായ്മകളിലെ സന്ദേശങ്ങള്‍ സ്ഥാപനത്തെ മോശമായി ബാധിക്കുന്നുവെന്ന പരാതിയുമായി അബുദബിയിലെ സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ രംഗത്ത്. ഇത്തരം പ്രചരണങ്ങള്‍ തുടര്‍ന്നാല്‍ നടപടി സ്വീകരിക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി തുടങ്ങുന്ന ഗ്രൂപ്പുകള്‍ പിന്നീട് മറ്റു പല കാര്യങ്ങളിലേക്ക് വഴി മാറുകയാണെന്നാണ് സ്‌കൂള്‍ മാനേജ്മെന്റുകളുടെ പരാതി. പല വിവരങ്ങളും പരിശോധിച്ച് ഉറപ്പിക്കാതെ ഗ്രൂപ്പുകളിലൂടെ പങ്കുവയ്ക്കുന്നതിനു പിന്നീട് മാനേജ്‌മെന്റ് മറുപടി പറയേണ്ടി വരുന്നു. അടിസ്ഥാന രഹിതമായ കാര്യങ്ങളും പറഞ്ഞുകേട്ട വിവരങ്ങളും പങ്കുവെച്ച് സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്തരുതെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് രക്ഷിതാക്കള്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

സ്‌കൂളിന്റെ ദൈനം ദിന കാര്യങ്ങളെക്കുറിച്ച് അനുമതിയില്ലാതെ പ്രചാരണം നടത്തിയാല്‍ നടപടിയെടുക്കുമെന്നും രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യാജ വിവരങ്ങള്‍ കൈമാറുന്നത് വിദ്യാഭ്യാസ മേഖലയില്‍ ആശയക്കുഴപ്പമുണ്ടാക്കും. പ്രകോപനപരമായ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് രാജ്യത്തെ ഐടി നിയമത്തിനെതിരാണ്. ഇത്തരക്കാര്‍ക്ക് വന്‍ തുക പിഴയോ തടവോ ലഭിക്കാമെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് രക്ഷിതാക്കളെ ഓര്‍മിപ്പിച്ചു. സ്‌കൂളിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പാരാതി ഉണ്ടെങ്കില്‍ രക്ഷിതാക്കള്‍ സ്‌കൂളുമായി ബന്ധപ്പെടണമന്നും മാനേജ്‌മെന്റ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version