Gulf

മക്കയില്‍ 3,402 കോടി രൂപയുടെ ജലസംഭരണ പദ്ധതി കരാര്‍ നേടി അബുദാബി നാഷണല്‍ എനര്‍ജി കമ്പനി

Published

on

അബുദാബി: സൗദി അറേബ്യയിലെ മക്ക മേഖലയില്‍ 1.5 ബില്യണ്‍ ദിര്‍ഹത്തിന്റെ (34,02,06,80,490 രൂപ) ജലസംഭരണ പദ്ധതി വരുന്നു. ഹജ്ജ് സീസണില്‍ മക്കയിലും മദീനയിലും ജലലഭ്യത ഉറപ്പാക്കുന്നതിനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ടാഖ എന്നറിയപ്പെടുന്ന അബുദാബി നാഷണല്‍ എനര്‍ജി കമ്പനി കൂടി ഭാഗമായ കണ്‍സോര്‍ഷ്യമാണ് കരാര്‍ നേടിയത്.

സൗദി ആസ്ഥാനമായുള്ള വിഷന്‍ ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് കമ്പനിയും (വിഷന്‍ ഇന്‍വെസ്റ്റ്) കുവൈറ്റ് ആസ്ഥാനമായുള്ള ഗള്‍ഫ് ഇന്‍വെസ്റ്റ്മെന്റ് കോര്‍പറേഷനും (ജിഐസി) കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെടുന്നതായി ടാഖ പ്രസ്താവനയില്‍ പറഞ്ഞു. സൗദി വാട്ടര്‍ പാര്‍ട്ണര്‍ഷിപ്പ് കമ്പനിയാണ് (എസ്ഡബ്ല്യുപിസി) കരാര്‍ നല്‍കിയത്.

ജുറാന ഇന്‍ഡിപെന്‍ഡന്റ് സ്ട്രാറ്റജിക് വാട്ടര്‍ റിസര്‍വോയര്‍ പ്രോജക്റ്റ് (ISWR1) എന്നാണ് പദ്ധതിയുടെ നാമകരണം. ബിഒഒടി (നിര്‍മിക്കുക, സ്വന്തമാക്കുക, പ്രവര്‍ത്തിപ്പിക്കുക, കൈമാറ്റം ചെയ്യുക) അടിസ്ഥാനത്തിലുള്ള സൗദി അറേബ്യയിലെ ആദ്യ പദ്ധതിയാണിത്. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ ജല ലഭ്യത ഉറപ്പാക്കുകയാണ് കരാറിലൂടെ സൗദി വാട്ടര്‍ പാര്‍ട്ണര്‍ഷിപ്പ് കമ്പനിയുടെ ലക്ഷ്യം.

30 വര്‍ഷത്തിന് ശേഷം ജലസംഭരണി സൗദി വാട്ടര്‍ പാര്‍ട്ണര്‍ഷിപ്പ് കമ്പനിക്ക് കൈമാറണം. അതുവരെ വാട്ടര്‍ റിസര്‍വോയര്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെ നിര്‍മാണം, കൈവശാവകാശം, പ്രവര്‍ത്തനം എന്നിവയുടെ ഉത്തരവാദിത്തം കരാര്‍ ഏറ്റെടുത്ത കമ്പനികള്‍ക്കായിരിക്കും.

പദ്ധതിയുടെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ 2027 രണ്ടാം പാദത്തില്‍ ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷ. മൊത്തം പദ്ധതി ചെലവിന്റെ ഏകദേശം 80 ശതമാനം വായ്പ അനുവദിക്കും. സൗദിയിലെ വിഷന്‍ ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് കമ്പനിയുടെ സഹ-ഉടമസ്ഥതയിലുള്ള പ്രത്യേക കമ്പനി വഴി ഓപറേഷന്‍ ആന്റ് മെയിന്റനന്‍സ് (പ്രവര്‍ത്തനങ്ങളും അറ്റകുറ്റപ്പണികളും) കാര്യങ്ങള്‍ ടാഖയുടെ മേല്‍നോട്ടത്തില്‍ നടക്കും.

പ്രോജക്ട് കമ്പനിയില്‍ 35 ശതമാനം ഓഹരികളും ഓപറേഷന്‍സ് ആന്‍ഡ് മെയിന്റനന്‍സില്‍ 50 ശതമാനം ഓഹരികളും ടാഖ ഏറ്റെടുത്തേക്കും. കുടിവെള്ള വിതരണത്തിനായി 20 ലക്ഷം ക്യുബിക് മീറ്റര്‍ സംഭരണ ശേഷിയുള്ള സംഭരണ ടാങ്കുകളും അഞ്ച് ലക്ഷം ക്യുബിക് മീറ്റര്‍ ശേഷിയുള്ള വിതരണ ടാങ്കുകളുമാണ് സജ്ജമാക്കുന്നത്. രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലെയും അടിയന്തര മുനിസിപ്പല്‍ ജല ആവശ്യവും ഹജ്ജ് സീസണില്‍ മക്കയിലെയും മദീനയിലെയും ഉയര്‍ന്ന ഡിമാന്‍ഡും പരിഹരിക്കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.

രാജ്യത്തിന്റെ എല്ലാ ഭാഗത്തും കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിന് ദേശീയ ജല നയം രൂപീകരിച്ച ശേഷം സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ രാജ്യത്ത് നടപ്പാക്കുന്ന ആദ്യ പദ്ധതിയാണിതെന്ന് എസ്ഡബ്ല്യുപിസി സിഇഒ ഖാലിദ് അല്‍ ഖുറൈഷി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version