Gulf

അറബ് മേഖലയിലെ മികച്ച നഗരം അബുദാബി; തൊട്ടുപിന്നാലെ ദുബായിയും ഷാര്‍ജയും അജ്മാനും, റിയാദ് മൂന്നാമത്

Published

on

അബുദാബി: ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സ് 2024 ലെ ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടിക പുറത്തിറക്കിയപ്പോള്‍ അറബ് മേഖലയില്‍ യുഎഇ നഗരങ്ങള്‍ മികച്ച നേട്ടം. അറബ് മേഖലയിലെ ഏറ്റവും മികച്ച നഗരമായി യുഎഇ തലസ്ഥാനമായ അബുദാബി തെരഞ്ഞെടുക്കപ്പെട്ടു. ആഗോള തലത്തില്‍ 54-ാം സ്ഥാനത്തെത്തിയ അബുദാബിക്ക് തൊട്ടുപിന്നാലെ മറ്റു യുഎഇ നഗരങ്ങളായ ദുബായ്, ഷാര്‍ജ, അജ്മാന്‍ എന്നിവ രണ്ടാം സ്ഥാനത്തിന് അര്‍ഹരായി. ആഗോള തലത്തില്‍ ഈ മൂന്ന് നഗരങ്ങളും 92-ാം സ്ഥാനത്തെത്തി.

ആഗോളതലത്തില്‍ 118-ാം സ്ഥാനത്തോടെ സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദാണ് അറബ് നഗരങ്ങളില്‍ മൂന്നാം സ്ഥാനത്തുള്ളത്. മറ്റൊരു സൗദി നഗരമായ ദമാം 189-ാം സ്ഥാനവുമായി നാലാമതും യുഎഇ നഗരമായ അല്‍ ഐന്‍ ആഗോളതലത്തില്‍ 218-ാം സ്ഥാനവുമായി അഞ്ചാമതും എത്തി. അറബ് നഗരങ്ങളില്‍ ജിദ്ദയാണ് ആറാം സ്ഥാനത്ത്. ആഗോളതലത്തില്‍ 257-ാം സ്ഥാനമാണ് ഈ സൗദി നഗരത്തിന്.

അറബ് നഗരങ്ങളില്‍ 262-ാം സ്ഥാനവുമായി ഖത്തര്‍ തലസ്ഥാനമായ ദോഹ നഗരം ഏഴാമതും കുവൈറ്റ് തലസ്ഥാനമായ കുവൈറ്റ് സിറ്റി എട്ടാമതും എത്തി. ആഗോള തലത്തില്‍ കുവൈറ്റിന്റെ സ്ഥാനം 293 ആണ്. ആഗോളതലത്തില്‍ 327-ാം സ്ഥാനത്തുള്ള ഈജിപ്ത് തലസ്ഥാനമായ കെയ്റോ ഒമ്പതാം സ്ഥാനത്തും, 339-ാം സ്ഥാനത്തുള്ള മക്ക പത്താം സ്ഥാനത്തും, ബഹ്‌റൈന്‍ തലസ്ഥാനമായ മനാമ 353-ാം ആഗോള റാങ്കിംഗുമായി 11-ാം സ്ഥാനത്തുമാണ്. ആഗോളതലത്തില്‍ 373-ാം സ്ഥാനത്തുള്ള സലൗദിയിലെ തായിഫ് നഗരമാണ് അറബ് നഗരങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും മികച്ച 12-ാമത്തെ നഗരം.

അമേരിക്കന്‍ നഗരമായ ന്യൂയോര്‍ക്ക് സിറ്റിയാണ് ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സിന്‍റെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തിയത്. ലണ്ടന്‍, യുഎസ്സിലെ സാഞ്ചോസ്, ജപ്പാനിലെ ടോക്കിയോ, ഫ്രാന്‍സിലെ പാരിസ്, യുഎസ് നഗരങ്ങളായ സിയാറ്റില്‍, ലോസ് ആഞ്ചലസ്, സാന്‍ ഫ്രാന്‍സിസ്‌കോ, ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍, സ്വിറ്റസര്‍ലാന്റിലെ സൂറിച്ച് എന്നിവയാണ് ആദ്യ പത്ത് സ്ഥാനങ്ങളിലെത്തിയ നഗരങ്ങള്‍.

സമ്പദ് വ്യവസ്ഥ (ജിഡിപി വലുപ്പം, വളര്‍ച്ച, സാമ്പത്തിക വൈവിധ്യം എന്നിവ ഉള്‍പ്പെടെ), മനുഷ്യ മൂലധനം, ജീവിത നിലവാരം, പരിസ്ഥിതി, ഭരണമികവ് എന്നീ അഞ്ച് ഘടകങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു ഏറ്റവും മികച്ച നഗഗരങ്ങളുടെ പട്ടിക തയ്യാറാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version