Gulf

സൗദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് മലയാളികള്‍ ഉള്‍പ്പെടെ പതിനയ്യായിരത്തോളം വിദേശികള്‍

Published

on

സൗദി: സൗദി അറേബ്യയില്‍ ഒരാഴ്ചക്കിടെ മലയാളികള്‍ ഉള്‍പ്പെടെ പതിനയ്യായിരത്തോളം വിദേശികള്‍ അറസ്റ്റിലായി. വിവിധ നിയമ ലംഘനങ്ങളുടെ പേരിലാണ് അറസ്റ്റ്. ഗുരുതരമായ നിയമ ലംഘനം നടത്തിയവരെ നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മാസം പത്ത് മുതല്‍ പതിനാറ് വരെ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പതിനയ്യായിരത്തോളം ആളുകള്‍ അറസ്റ്റിലായത്. താമസ നിയമങ്ങള്‍ ലംഘിച്ചവരാണ് അറസ്റ്റിലായവരില്‍ ഏറെയും.

എണ്ണായിരത്തി അഞ്ഞൂറോളം താമസ നിയമ ലംഘകരെയാണ് ആഭ്യന്തര മന്ത്രാലയം പിടികൂടിയത്. അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ച നാലായിരത്തി മൂന്നൂറ് പേരും തൊഴില്‍ നിയമ ലംഘകരായ രണ്ടായിരത്തി നാനൂറ് വിദേശികളും അറസ്റ്റിലായി.

നിരവധി മലയാളികളും ഇതില്‍ ഉള്‍പ്പെടുന്നു. വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ നിരവധി പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതില്‍ മുപ്പത്തി മൂവായിരത്തോളം ആളുകളുടെ വിവരങ്ങള്‍ യാത്രാ രേഖകള്‍ ശരിയാക്കുന്നതിനായി അവരുടെ നയതന്ത്ര ഓഫീസിന് കൈമാറി. 1900ത്തോളം നിയമ ലംഘകരെ യാത്രാ റിസര്‍വേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ റഫര്‍ ചെയ്യുകയും ചെയ്തു. നിയമ ലംഘകര്‍ക്ക് ഒരു തരത്തിലുളള സഹായും ചെയ്ത് കൊടുക്കരുതെന്ന് താമസക്കാര്‍ക്ക് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. അത്തരക്കാരെ കാത്തിരിക്കുന്നത് 15 വര്‍ഷം വരെ ജയില്‍ വാസവും ഒരു ലക്ഷം റിയാല്‍ പിഴയുമാണെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version