തിരുവനന്തപുരം: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ ജില്ലാ പ്രസിഡൻ്റ് എംപി പ്രവീണിനും, മേഘ രഞ്ജിത്ത് ഉൾപ്പെടെയുള്ള നേതാക്കന്മാർക്കും നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനൊരുങ്ങി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് നേരെയുണ്ടായ പൊലിസ് നരനായാട്ടിൽ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും പ്രവീണിനെ മർദ്ദിച്ച പൊലീസുകാരെ കൊണ്ട് പെൻഷൻ വാങ്ങാൻ അനുവധിക്കില്ലെന്നും സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കി പറഞ്ഞു.
പ്രവീണിൻ്റെ പരിക്ക് ഗുരുതരമായതിനെ തുടർന്ന് തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പ്രവീണിന്റെ ചോരയ്ക്ക് പകരം ചോദിക്കുമെന്നും അബിൻ വർക്കി വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിനെ തുടർന്നുള്ള ജില്ലാതല പ്രതിഷേധ സമരങ്ങൾ പൂർത്തിയായി. 14 ജില്ലകളിലും ജില്ലാ കേന്ദ്രങ്ങളിൽ മാർച്ചുകൾ സംഘടിപ്പിച്ചു. അതേ സമയം പ്രതിഷേധം കൂടുതൽ ശക്തമാക്കുന്നതിൻ്റെ ഭാഗമായി ദേശീയ പ്രസിഡൻ്റ് ബി വി ശ്രീനിവാസ് നാളെ തിരുവനന്തപുരത്ത് എത്തും. സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന നൈറ്റ് മാർച്ചിലും അദ്ദേഹം പങ്കെടുക്കും.
യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഡിജിപിക്ക് കത്ത് നൽകിയിരുന്നു. ആലപ്പുഴയിൽ കളക്റ്ററേറ്റ് മാർച്ചിനിടെ വനിതകൾ ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടാണ് കത്ത്.