World

ഒരു കാറ്റ് വീശി, റദ്ദാക്കിയത് 2000 വിമാനങ്ങൾ; 2,400 സർവീസുകൾ വൈകി, വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ

Published

on

ചിക്കാഗോ: ശീതകാല കൊടുങ്കാറ്റിനെ തുടർന്ന് അമേരിക്കയിലെ മിഡ്‌വെസ്റ്റിലും സൗത്തിലുമായി വൈകുകയും റദ്ദാക്കുകയും ചെയ്തത് ആയിരത്തിലധികം വിമാനങ്ങൾ. കൊടുങ്കാറ്റ് കരുത്താർജ്ജിച്ചതോടെ 2000ത്തിലധികം വിമാനങ്ങൾ റദ്ദാക്കുകയും 2400ലധികം വിമാനങ്ങൾ വൈകുകയും ചെയ്തതോടെ യുഎസ് വിമാനത്താവളങ്ങളിൽ കുടുങ്ങിയത് നൂറുകണക്കിന് യാത്രക്കാർ.

ശീതകാല കൊടുങ്കാറ്റിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കുകയും സർവീസുകൾ വൈകുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ചിക്കാഗോയിലെ ഒ’ഹെയർ ഇന്റർനാഷണൽ എയർപോർട്ടിൽ 36 ശതമാനം ഇൻബൗണ്ട് വിമാനങ്ങളിൽ 40 ശതമാനവും റദ്ദാക്കി. ചിക്കാഗോ മിഡ്‌വേ ഇന്റർനാഷണൽ എയർപോർട്ട് ഔട്ട്‌ബൗണ്ട്, ഇൻബൗണ്ട് ഫ്ലൈറ്റുകളുടെ അറുപത് ശതമാനം റദ്ദാക്കി.
ഡെൻവർ ഇന്റർനാഷണൽ, മിൽവാക്കി മിച്ചൽ ഇന്റർനാഷണൽ വിമാനത്താവളങ്ങളിൽ നിന്നുള്ള പല വിമാനങ്ങളും റദ്ദാക്കുകയും വൈകുകയും ചെയ്തു.

737 മാക്സ് 9 വിമാനങ്ങൾ നിലത്തിറക്കിയത് മൂലമുള്ള റദ്ദാക്കലുകൾ വിമാനയാത്രക്കാരെ പ്രതികൂലമായി ബാധിച്ചു. യുണൈറ്റഡ്, അലാസ്ക എയർലൈൻസ് ഓരോ ദിവസവും ഇരുന്നൂറിലധികം വിമാനങ്ങൾ റദ്ദാക്കി. 400 വിമാനങ്ങൾ റദ്ദാക്കിയതായി വിമാനക്കമ്പനിയായ ഫ്ലൈറ്റ്അവെയർ അറിയിച്ചു. ചിക്കാഗോയിലെ ഒ’ഹെയർ ഇന്റർനാഷണൽ എയർപോർട്ടിൽ 55 മൈൽ വേഗതയിൽ കാറ്റ് വീശിയെന്നാണ് റിപ്പോർട്ട്. അർക്കൻസാസിൽ 74 മൈൽ വേഗതയിലാണ് കാറ്റ് വീശിയത്.

ശക്തമായ കൊടുങ്കാറ്റിൽ ജനജീവിതം താറുമാറായി. കൊടുങ്കാറ്റ് ശക്തമായതിനൊപ്പം മഞ്ഞുവീഴ്ചയും രൂക്ഷമാണ്. പലയിടത്തും വൈദ്യുതിബന്ധം തകർന്നു. റോഡുകളിലെ ഗതാഗതതടസം രൂക്ഷമാണ്. മധ്യപടിഞ്ഞാറൻ മേഖലയിലാണ് കൂടുതൽ ദുരിതം. ഗ്രേറ്റ് ലേക്കുകളിലും സൗത്തിലും വെള്ളിയാഴ്ച രാവിലെവരെ ഏകദേശം 250,000 വീടുകളിലും ഓഫീസുകളിലും വൈദ്യുതിബന്ധം തകർന്നിരുന്നു. ഇല്ലിനോയിസിൽ മാത്രം 97,000ത്തിലധികം ആളുകൾ ഇരുട്ടിലായി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version