Gulf

ഒരു മാസം മുമ്പ് നഷ്ടപ്പെട്ട വാച്ച് കണ്ടെത്തി; ദുബായ് വിമാനത്താവളത്തെ പ്രശംസിച്ച് ഇന്ത്യന്‍ പൈലറ്റ്

Published

on

ദുബായ്: ഒരു മാസം മുമ്പ് നഷ്ടപ്പെട്ട തന്റെ വാച്ച് കണ്ടെത്തിയതിന് ദുബായ് അന്താരാഷ്ട്ര വിമാനത്താവള അധികൃതരെ അഭിനന്ദിച്ച് ഇന്ത്യന്‍ എയര്‍ലൈനിലെ കൊമേഴ്‌സ്യല്‍ പൈലറ്റായ ഹന മുഹ്‌സിന്‍ ഖാന്‍. ഇ-മെയിലിലൂടെ അറിയിച്ചപ്പോള്‍ ദുബായ് വിമാനത്താവളത്തിലെ ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് ഡിപ്പാര്‍ട്ട്‌മെന്റ്് അന്വേഷണം നടത്തി വീണ്ടെടുക്കുകയായിരുന്നുവെന്നും ആദ്യമായാണ് നഷ്ടപ്പെട്ട ഒരു വസ്തു തിരികെ ലഭിക്കുന്നതെന്നും സന പറഞ്ഞു.

വാച്ച് തിരികെ ലഭിച്ചത് അത്ഭുതപ്പെടുത്തിയെന്ന് പറഞ്ഞ ഹന ദുബായില്‍ എല്ലാം സുരക്ഷിതമാണെന്നും അഭിപ്രായപ്പെട്ടു. ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് വിമാനം പറത്താനെത്തിയപ്പോഴാണ് തന്റെ വാച്ച് ശേഖരത്തിലെ പ്രിയപ്പെട്ട ഒന്ന് നഷ്ടമായതെന്ന് മുമ്പ് ട്വിറ്റര്‍ എന്നറിയപ്പെട്ടിരുന്ന എക്‌സില്‍ ഹന കുറിച്ചു. സെക്യൂരിറ്റി ചെക്കിങിനിടെയാണ് വാച്ച് അഴിച്ചുമാറ്റിയത്. സ്‌കാനറിലെ പരിശോധനയ്ക്ക് ശേഷം വാച്ച് തിരിച്ചെടുക്കാന്‍ മറന്നു. പിന്നീട് നേരെ പോയത് ഡ്യൂട്ടി ഫ്രീ ഷോപ്പിലാണ്.

വിമാനത്തിലെത്തിയപ്പോഴാണ് വാച്ച് എടുക്കാന്‍ മറന്നതായി ശ്രദ്ധയില്‍പെട്ടത്. തിരികെ ഇന്ത്യയിലേക്ക് പറക്കുമ്പോള്‍ തന്റെ വിലയേറിയ വാച്ച് എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് കരുതി. തിരികെ ലഭിക്കുമെന്ന പ്രതീക്ഷ കുറവായിരുന്നുവെങ്കിലും വാച്ച് ശേഖരണത്തില്‍ അതീവ തത്പരയായ ഹന ഗ്രൗണ്ട് സ്റ്റാഫിനെ ബന്ധപ്പെട്ടു. ഇവരുടെ സഹായത്തോടെ ദുബായ് വിമാനത്താവളത്തിലെ ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് ഡിപ്പാര്‍ട്ട്‌മെന്റിന് മൂന്ന് ഇ-മെയിലുകള്‍ അയച്ചു.

എല്ലാ മാസവും ദുബായിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്ന ഹന കഴിഞ്ഞ ഞായറാഴ്ച (സെപ്തംബര്‍ 3) ജോലി കഴിഞ്ഞ ശേഷം ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് ഓഫീസിലെത്തി വാച്ച് കൈപ്പറ്റുകയും ചെയ്തു. അഞ്ച് മിനിറ്റ് കൊണ്ട് നടപടിക്രമങ്ങളും അവസാനിച്ചു. ‘വലിയ പ്രയാസമില്ലാതെ തന്നെ വാച്ച് തിരികെ ലഭിച്ചത് എന്നെ അദ്ഭുതപ്പെടുത്തി. അങ്ങനെയാണ് അവിടെ (ദുബായ്) ജീവിതം’-ഹന കുറിച്ചു.

ദുബായിലെ ജീവിതം സുരക്ഷിതമാണെന്ന പറയുന്നത് വളരെ ശരിയാണെന്ന് ഹന വിശദീകരിച്ചു. വിലയേറിയ വസ്തുക്കള്‍, പ്രധാന രേഖകള്‍, പണം എന്നിവ പോലും വിജയകരമായി കണ്ടെത്തി ദുബായ് പോലീസ് തിരികെ നല്‍കാറുണ്ട്. രാജ്യത്തിനകത്തോ പുറത്തോ താമസിക്കുന്നവരായാലും അവരുടെ യഥാര്‍ത്ഥ ഉടമകള്‍ക്ക് തിരികെ നല്‍കുന്നതിന്റെ എണ്ണമറ്റ കഥകള്‍ ഞങ്ങള്‍ കേട്ടിട്ടുണ്ട്. വാലറ്റുകള്‍, ബാഗുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, പാസ്‌പോര്‍ട്ടുകള്‍, മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, കണ്ണടകള്‍ എന്നിവ പോലുള്ള സാധാരണ സാധനങ്ങള്‍ പോലും അധികാരികള്‍ ഉടനടി തിരികെ നല്‍കുമ്പോള്‍ ഉടമകള്‍ക്ക് വലിയയ സന്തോഷവും ആശ്വാസവുമാണ്.

ഉത്തര്‍പ്രദേശുകാരായ ഹന സൗദി അറേബ്യയിലാണ് വളര്‍ന്നത്. ജിദ്ദയിലും റിയാദിലും മായി 16 വര്‍ഷമായി താമസിച്ചു. ‘മിഡില്‍ ഈസ്റ്റില്‍ വളര്‍ന്നതിനാല്‍, ഞങ്ങളുടെ കാറും വീടിന്റെ വാതിലുകളും പൂട്ടിയിടാന്‍ ഞങ്ങള്‍ക്ക് ഒരുപാട് സമയമെടുത്തു. ഇവിടെ ക്രമസമാധാനം വളരെ മികച്ചതാണ്. നന്ദി, ദുബായ്!’- എക്‌സ് പോസ്റ്റില്‍ അവള്‍ എഴുതി. പോസ്റ്റ് ചെയ്തതിന് ശേഷം ഇത് ഒരു ലക്ഷത്തിലധികം കാഴ്ചകളും 1000 ലൈക്കുകളും 81 തവണ റീഷെയറും നേടി. ഇവരില്‍ പലരും സമാനമായ അനുഭവങ്ങള്‍ പങ്കുവെച്ചു.

കഴിഞ്ഞ ജൂലൈയില്‍ പ്രമുഖ അന്താരാഷ്ട്ര ഏജന്‍സിയുടെ പട്ടികയില്‍ അബുദാബി, അജ്മാന്‍, ദുബായ് എന്നിവ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ അഞ്ച് നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version