Gulf

ഇന്ത്യന്‍ കലകള്‍ അഭ്യസിക്കാന്‍ ജിദ്ദയില്‍ പരിശീലന കേന്ദ്രം; ഗുഡ്ഹോപ് ആര്‍ട്സ് അക്കാദമി ഉദ്ഘാടനം നാളെ ഇന്ത്യന്‍ സ്‌കൂളില്‍

Published

on

ഇന്ത്യന്‍ കലകള്‍ അഭ്യസിക്കാന്‍ ജിദ്ദയില്‍ പരിശീലന കേന്ദ്രം; ഗുഡ്ഹോപ് ആര്‍ട്സ് അക്കാദമി ഉദ്ഘാടനം നാളെ ഇന്ത്യന്‍ സ്‌കൂളില്‍

ജിദ്ദ: സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇന്ത്യന്‍ കലകള്‍ അഭ്യസിക്കാന്‍ ജിദ്ദയില്‍ പരിശീലന കേന്ദ്രം സ്ഥാപിക്കുന്നു. ഗുഡ്ഹോപ് ആര്‍ട്സ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ബോയ്സ് സെക്ഷനില്‍ വര്‍ണശബളമായ കലാപരിപാടികളോടെ നാളെ തുടക്കംകുറിക്കും.

ജനുവരി അഞ്ചിന് വൈകീട്ട് ആറ് മണി മുതലാണ് പരിപാടികള്‍ അരങ്ങേറുകയെന്ന് സംഘാടകര്‍ ജിദ്ദയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലയാളം മിഷന്‍ ഡയറക്ടറും കവിയുമായ മുരുകന്‍ കാട്ടാക്കട, പ്രമുഖ സംവിധായകന്‍ നാദിര്‍ഷാ, പ്രശസ്ത നടന്‍ ജയരാജ് വാര്യര്‍, പ്രമുഖ അഭിനേത്രിയും നടിയുമായ പാരീസ് ലക്ഷ്മി, നൃത്താധ്യാപിക പുഷ്പ സുരേഷ്, മിമിക്സ് ആര്‍ട്ടിസ്റ്റ് നിസാം കോഴിക്കോട്, പിന്നണി ഗായകന്‍ സിയാവുല്‍ ഹഖ്, ഗായിക ദാന റാസിഖ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുഡി, സിനിമാറ്റിക് ഡാന്‍സ്, ബോളിവുഡ് ഡാന്‍സ്, ഹിപ് ഹോപ് ഡാന്‍സ്, യോഗ, സുംബ, കര്‍ണാടിക് ആന്റ് ഹിന്ദുസ്ഥാനി മ്യൂസിക്, ഡ്രോയിങ് ആന്റ് പെയിന്റിങ്, കലിഗ്രഫി, ആക്ടിങ് വര്‍ക്ക്ഷോപ്പ്, മ്യൂസിക് ഇന്‍സ്ട്രുമെന്റ്, മാര്‍ഷ്യല്‍ ആര്‍ട്സ് തുടങ്ങിയ മേഖലകലിലെ വിദഗ്ധരാണ് ഗുഡ്ഹോപ് ആര്‍ട്സ് അക്കാദമിയില്‍ പരിശീലനത്തിന് നേതൃത്വം നല്‍കുക. കൃത്യമായ ഇടവേളകളില്‍ പഠന പുരോഗതി സംബന്ധിച്ച് കൃത്യമായ വിലയിരുത്തലുകളും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തും. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് അംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. അക്രഡിറ്റേഷനോട് കൂടിയുള്ള സര്‍ട്ടിഫിക്കറ്റ് പഠിതാക്കള്‍ക്ക് തുടര്‍പഠനത്തിന് സഹായകമാകും.

വ്യത്യസ്ത സമയങ്ങളില്‍ പരിശീലനത്തിന് സൗകര്യമുള്ളതിനാല്‍ വീട്ടമ്മമാര്‍ അടക്കം നിരവധി പേര്‍ അക്കാദമിയില്‍ പ്രവേശനം നേടിയിട്ടുണ്ട്. മൂന്നു പതിറ്റാണ്ടോളം ജിദ്ദയില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് നൃത്തം അഭ്യസിപ്പിച്ചിരുന്ന പുഷ്പ ടീച്ചര്‍ ഗുഡ്ഹോപ് അക്കാദമിയിലൂടെ തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. ആധുനിക പരിശീലന സംവിധാനങ്ങളും സൗകര്യങ്ങളുമാണ് വിശാലമായ ഇന്‍ഹൗസ് ക്യാമ്പസില്‍ അക്കാദമി ഒരുക്കിയിരിക്കുന്നത്.

വാര്‍ത്താസമ്മേളനത്തില്‍ മാനേജിങ് ഡയറക്ടര്‍ ജുനൈസ് ബാബു ഗുഡ്ഹോപ്, ഡയറക്ടര്‍മാരായ ഷിബു തിരുവനന്തപുരം, ഡോ. അബ്ദുല്‍ ഹമീദ്, ടാലന്റ് മാനേജ്മെന്റ് ഹെഡ് പുഷ്പ സുരേഷ്, സിഇഒ അന്‍ഷിഫ് അബൂബക്കര്‍, സിഒഒ സുഹൈര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഉണ്ണി തെക്കേടത്ത് എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version