Entertainment

‘ലൂസിഫറിന്റെ സ്റ്റൈലൈസ്ഡ് വേർഷൻ’; എമ്പുരാന് ഹോളിവുഡ് റെക്കോര്‍ഡിങ്ങെന്ന് ദീപക് ദേവ്

Published

on

ഖുറേഷി അബ്രഹാമിന്റെ മടങ്ങിവരവിനായി കാത്തിരിക്കുന്ന മോഹൻലാൽ-പൃഥ്വിരാജ് ആരാധകർക്ക് പുതിയ അപ്ഡേറ്റ് നൽകി സംഗീത സംവിധായകൻ ദീപക് ദേവ്. ലൂസിഫറിന്റെ ‘സ്റ്റൈലൈസ്ഡ്’ വേർഷനാകും എമ്പുരാനെന്നും സിനിമയ്ക്കായി ഹോളിവുഡ് റെക്കോഡിങ് ചെയ്യാൻ സമ്മതം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ ടിവിയോടായിരുന്നു പ്രതികരണം.

‘കണ്ടോളൂ ഞാൻ വരികയാണ് എന്നൊന്നും ഇപ്പോൾ പറയുന്നില്ല. എന്നാലാകുന്നതിന്റെ പരമാവധി ഞാൻ ചെയ്യുന്നുണ്ട്. നാല് വർഷം മുമ്പ് ലൂസിഫർ ചെയ്യുമ്പോൾ ഉണ്ടായിരുന്നതല്ല ഇന്നത്തെ എന്റെ അറിവ്. കൂടുതൽ പാട്ടുകൾ കേൾക്കുകയും പഠിക്കുകയും ചെയ്യുന്നുണ്ട്. സിനിമാ സംഗീതം ഒരുപാട് മാറി. ആ മാറ്റത്തിനനുസരിച്ചുള്ള എല്ലാ പുതുമകളോടെ, എന്നാൽ ലൂസിഫറിന്റെ ആത്മാവ് നഷ്ടപ്പെടാത്ത രീതിയിലാണ് എമ്പുരാൻ ഒരുക്കുന്നത്. ലൂറിഫറിന്റെ സ്റ്റൈലൈസ്ഡ് വേർഷൻ ആയിരിക്കും അത്,’ ദീപക് പറഞ്ഞു.

സംഗീതത്തിൽ ഹോളിവുഡ് ശൈലി പ്രതീക്ഷിക്കാമെന്നും ദീപക് ദേവ് റിപ്പോർട്ടറിനോട് പറഞ്ഞു. ‘മ്യൂസിക്കിൽ ഒരു ഹോളിവുഡ് സ്റ്റൈൽ സംവിധായകൻ പൃഥ്വിരാജ് ആവശ്യപ്പെട്ടിട്ടുണ്ട്. ലൂസിഫർ ചെയ്യുമ്പോൾ ലഭിക്കാതിരുന്ന ഒരു സ്വാതന്ത്ര്യം ഇന്ന് തന്നിരിക്കുന്നു. പാട്ട് റെക്കോര്‍ഡ് ചെയ്യാൻ ലോകത്ത് എവിടെ വേണമെങ്കിലും പോകാം. ഹോളിവുഡ് സ്റ്റൈൽ വേണമെങ്കിൽ അത് ഇവിടെ ഇരുന്ന് റീ-ക്രിയേറ്റ് ചെയ്യാൻ ശ്രമിക്കേണ്ടെന്നും അങ്ങോട്ട് ചെന്ന് റെക്കോഡ് ചെയ്തോളാനും സമ്മതമുണ്ട്. ആശിർവാദ് സിനിമാസിനോടാണ് അതിന് നന്ദി,’ ദീപക് ദേവ് കൂട്ടിച്ചേർത്തു.

ലൂസിഫറിന്റെ ഗംഭീര വിജയത്തിന് ശേഷം 2019ലാണ് എൽ 2വിന്റെ പ്രഖ്യാപനം ഉണ്ടായത്. 2023 ഒക്ടോബറിലാണ് ചിത്രീകരണം ആരംഭിച്ചത്. ഇരുപതോളം വിദേശ രാജ്യങ്ങളിലായാണ് എമ്പുരാൻ ചിത്രീകരിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സിനിമ പ്രദര്‍ശനത്തിനെത്തും.

ലൂസിഫറിന്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയുടെ മറ്റൊരു മുഖമായ അബ്രാം ഖുറേഷിയുടെ ലൂസിഫര്‍ ടെയില്‍ എന്‍ഡ് സീനിനെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ഫസ്റ്റ് ലുക്ക് അനൗൺസ്മെന്റ് പോസ്റ്റർ. വലിയ പോരാട്ടത്തിനൊടുവിൽ വിജയം കൈവരിച്ചതെന്ന് തോന്നുന്ന ഫ്രെയിമിൽ മോഹൻലാൽ നിൽക്കുന്ന പോസ്റ്ററും ഏറെ ശ്രദ്ധ നേടി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version