ജിദ്ദ: ജിദ്ദയിലേക്ക് പുറപ്പെട്ട ഫ്ലൈനാസ് വിമാനത്തിൽ തീപ്പൊരി. വിമാനത്തിന്റെ എൻജിനിലാണ് തീപ്പൊരി കണ്ടത്. തുടർന്ന് തുർക്കിയിലെ ട്രാബ്സോണിൽ നിന്ന് ജിദ്ദയിലേക്കുള്ള വിമാനമാണ് എമർജൻസി ലാൻഡിങ് നടത്തിയത്. ഇന്നലെ വെെകുന്നേരം വിമാനം പറന്നുയർന്നയുടൻ വലത് എൻജിന്റെ ഭാഗത്ത് വലിയ ശബ്ദവും നിമിഷ നേരം തീപ്പൊരിയുണ്ടാകുകയുമായിരുന്നു. പെട്ടെന്ന് തന്നെ പൈലറ്റ് വിമാനം ട്രാബ്സോൺ എയർപോർട്ടിലേക്ക് തന്നെ തിരിച്ച് വിടുകയും സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയും ചെയ്തു.
എൻജിനിൽ പക്ഷിയിടിച്ചതാണ് തീപ്പൊരിക്ക് കാരണമെന്നാണ് ഫ്ലൈനാസ് നൽകുന്ന വിശദീകരണം. തങ്ങളുടെ യാത്രക്കാരുടെ സുരക്ഷക്ക് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഫ്ലൈനാസ് അറിയിച്ചു.