Entertainment

‘മലയാളി ഫ്രം ഇന്ത്യ’യുടേത് പോലൊരു തിരക്കഥ ദിലീപിനെ നായകനാക്കി മറ്റൊരാൾ എഴുതിരുന്നു: ബി ഉണ്ണികൃഷ്ണൻ

Published

on

കൊച്ചി: ‘മലയാളി ഫ്രം ഇന്ത്യ’ എന്ന സിനിമയുടെ തിരക്കഥാ മോഷണമെന്ന ആരോപണത്തിൽ പ്രതികരിച്ച് പ്രൊഡ്യൂസേഴ്സ് അ‌സോസിയേഷൻ. നിഷാദ് കോയ എഴുതിയ തിരക്കഥയുമായി മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയ്ക്ക് സാമ്യം തോന്നിയത് തികച്ചും ആകസ്മികമാണ്. ഒരേപോലുള്ള ആശയം ഒന്നിലധികം പേർക്ക് തോന്നാം. മുമ്പ് ഇതേ ആശയത്തിലൊരു തിരക്കഥ ദിലീപിനെ നായകനാക്കി മറ്റൊരാൾ എഴുതിരുന്നതായും സംവിധായകൻ ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

കൊവിഡ് സമയത്ത് ഷാരിസ് മുഹമ്മദ് ഈ കഥ ‘എല്ലാം ശരിയാകും’ എന്ന സിനിമയുടെ ഛായാ​ഗ്രാഹകനായിരുന്ന ശ്രീജിത്തിനോട് പറഞ്ഞിരുന്നു. അവർ ഒരുക്കിയ ഡ്രാഫ്റ്റുകൾ കയ്യിലുണ്ട്. ഇത് സിനിമയാക്കുന്നതിനായി ഇരുവരും 2021 ആ​ഗസ്റ്റിൽ ഹാരിസ് ദേശം എന്ന പ്രൊഡക്ഷൻ കൺട്രോളറെ സമീപിച്ചിരുന്നു. പിന്നീട് ഈ ചർച്ചകൾ മുന്നോട്ടുപോകാത്ത അവസ്ഥയുണ്ടായി.

ജയസൂര്യയുമായി തങ്ങൾ സംസാരിച്ചിരുന്നു. ഒരു പരസ്യത്തിന്റെ ചിത്രീകരണത്തിനിടെ ഡിജോയോട് ഒരു കഥയുടെ ഒരു വരിമാത്രം പറഞ്ഞിരുന്നെന്നും വിശദമായി പറഞ്ഞില്ലെന്നുമാണ് ജയസൂര്യ പറഞ്ഞത്. വടക്കൻ സെൽഫി എന്ന ചിത്രം സംവിധാനം ചെയ്ത പ്രജിത്തിബിറ്റ് സംവിധാനത്തിൽ ദിലീപിനെ നായകനാക്കി രാജീവ് എന്ന വ്യക്തിയും ഇതിന് സമാനമായ തിരക്കഥ എഴുതിയിരുന്നു. അത് നിർമിക്കാനിരുന്നത് പ്രൊഡ്യുസേഴ്സ് അസോസിയേഷൻ മുൻ പ്രസിഡന്റ് എം രഞ്ജിത്താണ്. ദിലീപിന്റെ ചില അസൗകര്യങ്ങൾ മൂലം ആ സിനിമ നടക്കാതെ പോയി.

ഒരു ആകസ്മികത എന്തെന്നാൽ ആ കഥയിൽ പാകിസ്താനിയേയും ഒരു മലയാളി കബളിപ്പിക്കുന്നതായി ഒരു സംഭവമുണ്ട്. ആ വേഷത്തിലേക്ക് കാസ്റ്റ് ചെയ്തത് അജു വർ​ഗീസിനെയാണ്. മലയാളി ഫ്രം ഇന്ത്യയിലും ആ കഥാപാത്രമായി കാണിക്കുന്നത് അജുവിന്റെ ചിത്രമാണ്. രാജീവ് ജീവിതത്തിൽ ഇന്നുവരെയും ഷാരിസിനെയോ ആരെയും കണ്ടിട്ടില്ല, ഇവരാരെയും പരിചയവുമില്ല. ഇത്തരം ആകസ്മികതകളാവാം എഴുത്തിനെ മനോഹരമാക്കുന്നത്. ഷാരിസിനും ഡിജോയ്ക്കുമെതിരെ ആൾക്കൂട്ട ആക്രമണം നടക്കുന്നുണ്ട്. സോഷ്യൽ മീഡിയ പോലും ഉപയോ​ഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇരുവരും നിൽക്കുന്നതെന്നും ബി ഉണ്ണിക്കൃഷ്ണൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version