Gulf

ഒമ്പത് കോടി രൂപ സമ്മാനം; മക്കയില്‍ അന്താരാഷ്ട്ര ഖുര്‍ആന്‍ മല്‍സരം തുടങ്ങി

Published

on

മക്ക: വര്‍ഷം തോറും മക്കയില്‍ നടന്നുവരുന്ന പ്രശസ്തമായ അന്താരാഷ്ട്ര ഖുര്‍ആന്‍ മല്‍സരത്തിന്റെ 43ാമത് എഡിഷന് തുടക്കമായി. 117 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന 11 ദിവസം നീണ്ടുനില്‍ക്കുന്ന ഫൈനല്‍ റൗണ്ട് മല്‍സരങ്ങളാണ് ഇന്നലെ വെള്ളിയാഴ്ച പുണ്യനഗരിയായ മക്കയില്‍ ആരംഭിച്ചത്. മക്ക മസ്ജിദുല്‍ ഹറാമിലാണ് മല്‍സരങ്ങള്‍ നടക്കുന്നത്.

ഓണ്‍ലൈന്‍ മല്‍സരങ്ങള്‍ ഉള്‍പ്പെടെ ആദ്യഘട്ടങ്ങളില്‍ വിജയിച്ചവരാണ് അവസാന റൗണ്ടില്‍ പങ്കെടുക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഉള്‍പ്പെടെ 117 രാജ്യങ്ങളില്‍ നിന്ന് ഈ വര്‍ഷം മല്‍സരാര്‍ത്ഥികളുണ്ട്. അഭിമാനകരമായ മത്സരത്തില്‍ മാറ്റുരച്ച് വിജയിക്കുന്നവര്‍ക്ക് 40 ലക്ഷം റിയാല്‍ (8.9 കോടിയിലധികം രൂപ) മൂല്യമുള്ള സമ്മാനങ്ങളാണ് നല്‍കുന്നത്. ഈ വര്‍ഷം സമ്മാനത്തുക വര്‍ധിപ്പിക്കുകയായിരുന്നു.

സൗദി ഭരണാധികാരി തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ മേല്‍നോട്ടത്തില്‍ സൗദി ഇസ്‌ലാമികകാര്യ, കോള്‍ ആന്‍ഡ് ഗൈഡന്‍സ് മന്ത്രാലയമാണ് മല്‍സരം സംഘടിപ്പിക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ പാരായണം, മനഃപാഠം, വ്യാഖ്യാനം എന്നീ വിഭാഗങ്ങളിലായാണ് മല്‍സരങ്ങള്‍. ആധുനിക സൗദിയുടെ സ്ഥാപകന്‍ അന്തരിച്ച അബ്ദുല്‍ അസീസ് രാജാവിന്റെ നാമധേയത്തിലുള്ളതാണ് അഭിമാനകരമായ പുരസ്‌കാരങ്ങള്‍. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ മുന്‍ വര്‍ഷങ്ങളില്‍ മക്കയിലെ ഫൈനല്‍ റൗണ്ടില്‍ പങ്കെടുത്തിരുന്നു.

ഈ വര്‍ഷത്തെ സമ്മാനങ്ങളുടെ മൂല്യം നാല് മില്യണ്‍ റിയാലായി ഉയര്‍ത്തിയതായും ഒന്നാംസ്ഥാനക്കാരന് 500,000 റിയാല്‍ (ഒരു കോടി 10 ലക്ഷത്തിലധികം രൂപ) നല്‍കുമെന്നും ഇവന്റിന്റെ ജനറല്‍ സൂപ്പര്‍വൈസറും ഇസ്‌ലാമികാര്യ മന്ത്രിയുമായ അബ്ദുലത്തീഫ് ആലുഷെയ്ഖ് പറഞ്ഞു. 117 രാജ്യങ്ങളില്‍ നിന്നുള്ള 166 മത്സരാര്‍ത്ഥികളെയും ഇവര്‍ക്കൊപ്പമുള്ള 50 പേരെയും സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ മത്സര സമിതി നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു.
ഈ വര്‍ഷം ആദ്യം സൗദിയില്‍ നടന്ന ദേശീയ ഖുര്‍ആന്‍ മത്സരത്തിലെ വിജയികള്‍ക്ക് 33 ലക്ഷം റിയാല്‍ വിലമതിക്കുന്ന സമ്മാനങ്ങള്‍ നല്‍കിയിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ഖുര്‍ആന്‍ മനഃപാഠത്തിനും പാരായണത്തിനും വ്യാഖ്യാനത്തിനുമുള്ള കിങ് സല്‍മാന്‍ പ്രൈസിനായുള്ള മല്‍സരങ്ങളും സൗദി ഇസ്ലാമികകാര്യ മന്ത്രാലയം സംഘടിപ്പിച്ചിരുന്നു. രാജ്യത്തുടനീളമുള്ള 3,000ത്തിലധികം സ്ത്രീ-പുരുഷ മത്സരാര്‍ത്ഥികളാണ് യോഗ്യതാ ഘട്ടങ്ങളില്‍ മാറ്റുരച്ചത്. 58 പുരുഷന്മാരും 47 വനിതകളും ഫൈനലിലേക്ക് യോഗ്യത നേടി. പ്രത്യേക ജൂറിയിലെ അംഗങ്ങള്‍ക്കു മുന്നില്‍ നടത്തിയ മല്‍സരത്തിലൂടെ 18 പുരുഷന്മാരെയും 18 സ്ത്രീകളെയും വിജയികളായി തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version