ദോഹ: ദോയിൽ എത്തുന്ന കാർ പ്രേമികൾക്ക് സന്തോഷ വാർത്ത. ലുസെയ്ൽ ബൗളെവാർഡിലെ ആഡംബര ഡ്രീം കാറുകളുടെ പരേഡ് ഒരുക്കിയിരിക്കുന്നു. ബൗളെവാർഡിലെ 1.3 കിലോമീറ്റർ നീളുന്ന പാതയിൽ ആണ് കാറുകളുടെ പരേഡ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 100 അപൂർവ മോഡൽ ആഡംബര ഡ്രീം കാറുകൾ ആണ് പരേഡിനായി നിരത്തിയത്. ഇവിടെ കാറുകൾ കാണാൻ എത്തിയവർക്ക് വർണാഭമായ കാഴ്ച വിരുന്നാണ് ഒരുക്കിയത്.
സന്ദർശനത്തിന് എത്തിയ പലരും ആദ്യമായാണ് ഇത്രയും കൂടുതൽ ആഡംബരകാറുകൾ കാണുന്നത്. ആദ്യമായി അത്യാഡംബര കാറുകൾ കണ്ടെതിന്റെ സന്തോഷവും അമ്പരപ്പും അവരുടെ മുഖത്ത് ഉണ്ടായിരുന്നു. ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ നടക്കുന്ന ജനീവ ഇന്റർനാഷനൽ മോട്ടർ ഷോ(ജിംസ് ഖത്തർ)യുടെ ഭാഗമായാണ് ആഡംബരകാറുകളുടെ പരേഡ് നടക്കുന്നത്. ‘പരേഡ് ഓഫ് എക്‌സലൻസ്’ എന്ന പേരിൽ ആണ് പരേഡ് നടന്നത്.
1964 ലെ ഫോർഡ് ചെവി, സ്ലീക്ക് ടയോട്ട എംആർ2, ഡോഡ്ജ് ചാർജർ ആർ/ടി, മസ്താങ് ഷെൽബി ജിടി 500, ഷെവർലെ കോർവെറ്റെ സി2, മസ്‌ക്കുലർ ഫോർഡ് മസ്താങ്, ക്ലാസിക് 1964 മെഴ്‌സിഡസ് ബെൻസ് എസ്ആർ4 തുടങ്ങി കട്ടിങ്-എഡ്ജ് മോഡൽ, ഡറ്റ്‌സൺ ജിടി 240കെ, മുതൽ ലജറന്റ് മോഡൽ കാറുകൾ ഇവിടെ എത്തിയിട്ടുണ്ട്. സന്ദർശകർക്ക് വലിയയൊരു വിസ്മയ കാഴ്ചയാണ് ഒരുക്കിയത്. മ്യൂസിയങ്ങളിൽ മാത്രം സൂക്ഷിച്ചുവരുന്ന അപൂർവ മോഡലുകളും ഇവിടെ എത്തിയിരുന്നു.
ഖത്തർ ടൂറിസത്തിന്റെ പങ്കാളിത്തത്തോടെ സീലൈൻ സർക്യൂട്ട് സ്‌പോർട്‌സ് ക്ലബ്ബും എലൈറ്റ് സൂപ്പർകാർസും ചേർന്നാണ് പരേഡ് സംഘടിപ്പിച്ചത്. കാറുകളുടെ പരേഡിന് ഉപരി സംഗീത പരിപാടികളും ഡിജെയും ഉണ്ടായിരുന്നു. ഓട്ടോ-ലൈഫ് വില്ലേജിൽ ആണ് പരിപാടികൾ നടക്കുന്നത്. വൈകിട്ട് 5.00 മുതൽ രാത്രി 10.00 വരെയാണ് പരിപാടികൾ ബൗളെവാർഡിലെ 3 ദിവസത്തെ ആഘോഷപരിപാടികൾ ആണ് ഒരുക്കിയിരുന്നത്. അത് ഇന്നലെ അവസാനിച്ചു.