യാംബു: സൗദിയിലെ രണ്ടാമത്തെ വ്യവസായ നഗരമാണ് യാംബു. മറ്റു നഗരങ്ങളെ പോലെ വ്യാവസായ നഗരമായ യാംബും മാറ്റി മറിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. യാംബുവിൽ 101 കോടി റിയാൽ ചെലവിൽ പുതിയ വിനോദകേന്ദ്രം നിർമ്മിക്കാൻ തീരുമാനിച്ചിരിക്കുന്നു. യാംബു റോയൽ കമീഷനിലെ ചെങ്കടൽ ഭാഗത്ത് ഒരുക്കിയ മനുഷ്യനിർമിതമായ ‘നൗറസ് ദ്വീപി’ന്റെ ഒരു ഭാഗത്താണ് സൗദി എന്റർടൈൻമെൻറ് പ്രോജക്ട്സ് കമ്പനി വിനോദകേന്ദ്രം ഒരുക്കുന്നത്. 62,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് ഇവിടെ കെട്ടിടങ്ങൾ നിർമ്മിക്കുന്നത്.
30 ക്ലൈമ്പിങ് ചലഞ്ചുകൾ, ഫാമിലി എന്റർടൈൻമെൻറ് ഏരിയ, കുട്ടികൾക്കുള്ള വിനോദമേഖല, സിനിമ ഹാൾ എന്നിവയാണ് ഒരുക്കുന്നത്. പ്രാദേശിക, അന്തർദേശീയ കമ്പനികളുടെ റസ്റ്റാറൻറുകളും ഫുഡ് കോർട്ടുകളും ഇവിടെ ഉണ്ടായിരിക്കും. കൂടാതെ പുതിയ വിനോദ ഉല്ലാസകേന്ദ്രത്തിൽ ഒരുക്കും. ‘സെവൻ’ എന്ന കമ്പനി 5,000 കോടി റിയാലിലധികം നിക്ഷേപം സൗദിയിൽ നടത്തുന്നുണ്ട്. 21 വിനോദ കേന്ദ്രങ്ങൾ നിർമിക്കാനുള്ള ഒരുക്കത്തിലാണ് ഈ കമ്പനി. ആഗോള തലത്തിൽ കൂടുതൽ കമ്പനികളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന പദ്ധതികൾ ആണ് കൊണ്ടുവരുന്നതെന്ന് ഡയറക്ടർ ബോർഡ് ചെയർമാൻ അബ്ദുല്ല അൽ ദാവൂദ് പറഞ്ഞു.
ജിദ്ദ, ത്വാഇഫ്, അൽഖോബാർ, അൽഅഹ്‌സ, റിയാദ്, തബൂക്ക്, മക്ക, ദമ്മാം, മദീന, ജീസാൻ, ബുറൈദ, അബഹ, അൽഖർജ് എന്നീ നഗരങ്ങളിൽ വിനോദകേന്ദ്രങ്ങൾ നിർമിക്കും. സൗദി എന്റർടൈൻമെൻറ് പ്രോജക്‌ട് കമ്പനിക്ക് കീഴിൽ യാംബുവിലെ വിനോദകേന്ദ്രത്തിന്റെ പണികൾ പൂർത്തിയാക്കിവരുകയാണ്. യാംബു നഗരത്തിന്റെ മനോഹരമായ പ്രകൃതിദൃശ്യങ്ങൾ ആസ്വദിക്കാൻ സാധിക്കുന്ന തരത്തിലുള്ള രീതിയിലാണ് ഒരുക്കങ്ങൾ നടക്കുന്നത്. ഇവിടെയുള്ള ചരിത്ര സ്ഥലങ്ങൾ സന്ദർശകർക്ക് തുറന്നു കൊടുക്കുന്ന രീതിയിൽ പ്രവർത്തനങ്ങൾ നടക്കും.
രാജ്യത്തെ ഏറ്റവും പഴയ തുറമുഖങ്ങളിലൊന്ന് യാംബുവിലാണ് നിലനിൽക്കുന്നത്. ഇവിടെ പുതിയ വികസന പദ്ധതികൾ കൊണ്ടുവരുന്നതിലൂടെ നിരവധി നേട്ടങ്ങൾ യാംബു നഗരത്തിന് സംഭവിക്കും. സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി ‘നൗറസ് ദ്വീപ്’ ഇതിനകം മാറിയിട്ടുണ്ട്. 2,32,800 സ്‌ക്വയർ മീറ്ററിൽ നിർമിച്ച ദ്വീപിലേക്ക് സമുദ്രതീരത്തുനിന്ന് നീണ്ട മേൽപാലമുണ്ട്. ഇതിലൂടെ വാഹനങ്ങൾ വഴി സഞ്ചാരികൾക്ക് ദ്വീപിലെത്താം.
ദ്വീപിൽ വിശാലമായ പാർക്കിങ് ഏരിയ ഒരുക്കിയിട്ടുണ്ട്. ഈ പാർക്കിങ് ഏരിയയിൽ വിശ്രമ ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്. സഞ്ചാരികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിലാണ് ഈ കൃത്രിമ ദ്വീപിന്റെ നിർമിതി. വൈകുന്നേരങ്ങളിൽ കുടുംബത്തോടൊപ്പം സ്വദേശികളും വിദേശികളും ഇവിടെ എത്തുന്നുണ്ട്. വൃത്തിയുള്ള ടോയിലറ്റ്, പ്രാർഥനാ ഇടങ്ങൾ എല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിനോദ കേന്ദ്രങ്ങളുടെ പണി പൂർത്തിയാകുന്നതോടെ സന്ദർശകരുടെ എണ്ണം വർധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.