മദീന: 26 വര്‍ഷം മദീന ഇസ്ലാമിക് യൂണിവേഴ്സിറ്റിയില്‍ അധ്യാപകനായിരുന്ന തമിഴ്നാട് സ്വദേശിയായ ലോകപ്രശസ്ത അറബി ഭാഷാ പണ്ഡിതന് ഡോ. വി അബ്ദുറഹീം വിടവാങ്ങി. ലോകത്തിലെ ഏറ്റവും വലിയ ഖുര്‍ആന്‍ പ്രിന്റിങ് പ്രസായ മദീനയിലെ മലിക് ഫഹദ് ഖുര്‍ആന്‍ പ്രിന്റിങ് പ്രസില്‍ പരിഭാഷാ വിഭാഗം മേധാവിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. 90 വയസ്സുള്ള ഇദ്ദേഹം മദീനയില്‍ വച്ചാണ് അന്ത്യശ്വാസം വലിച്ചത്.
അറബികളെ അറബി പഠിപ്പിച്ച ഇന്ത്യയില്‍ നിന്നുള്ള പണ്ഡിതന് എന്ന നിലയിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. തമിഴ്നാട്ടിലെ വാണിയമ്പാടി എന്ന ചെറുപട്ടണത്തില്‍ 1933ലായിരുന്നു ജനനം. പതിറ്റാണ്ടുകളായി മദീനയിലാണ് താമസം. നിരവധി യൂണിവേഴ്സിറ്റികളില്‍ അറബി ഭാഷ പഠിപ്പിക്കുന്നതിന് ഡോ. അബ്ദുറഹീം രചിച്ച പുസ്തകങ്ങളാണ് ഉപയോഗിക്കുന്നത്. 70 ലധികം ഭാഷകളില്‍ ഖുര്‍ആന്റെ പരിഭാഷ ഡോ. അബ്ദുറഹീമിന്റെ കീഴിലാണ് ഇറങ്ങിയത്.
അറബി ഭാഷാശാസ്ത്രം പഠിപ്പിക്കാന്‍ 1969ലാണ് മദീനയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലെത്തുന്നത്. അറബി ഭാഷ പഠിപ്പിക്കാന്‍ ഇദ്ദേഹം രൂപകല്പന ചെയ്ത് കോഴ്സും പാഠ്യപദ്ധതിയും ലോകത്തിന്റെ അംഗീകാരം നേടി. ഇപ്പോള്‍ ഈ പുസ്തകങ്ങള്‍ ‘മദീന പുസ്തകങ്ങള്‍’ എന്ന പേരില്‍ ലോകമെമ്പാടും അറിയപ്പെടുന്നു.
അറബികളല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കായുള്ള അറബി ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവിയായും സേവനമനുഷ്ഠിച്ചിരുന്നു. അറബി ഭാഷ സംസാരിക്കാത്തവരെ അറബി പഠിപ്പിക്കാന്‍ പരമ്പരാഗത രീതിയില്‍ നിന്ന് ഭിന്നമായി അദ്ദേഹം രൂപപ്പെടുത്തിയ പാഠ്യപദ്ധതിയും ശ്രദ്ധിക്കപ്പെട്ടു. സ്വാഭാവികമായ മാര്‍ഗത്തിലൂടെ പ്രചാരത്തിലുള്ള വാക്യങ്ങള്‍ ഉപയോഗിച്ച് നേരിട്ട് പഠിക്കുന്ന രീതിയെ പ്രോല്‍സാഹിപ്പിച്ച അദ്ദേഹത്തിന് ടേബിളുകള്‍ ഉപയോഗിച്ച ഭാഷ പഠിക്കുന്ന രീതിയോട് വിയോജിപ്പായിരുന്നു.
മദ്രാസ് സര്‍വകലാശാലയിലെ പ്രസിഡന്‍സി കോളേജില്‍ നിന്ന് ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും പ്രാവീണ്യം നേടിയിരുന്നു. 1957ലാണ് ബിരുദം നേടിയത്. 1964ല്‍ കെയ്റോയിലെ പ്രശസ്തമായ അല്‍അസ്ഹര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എം.ഫിലും അറബി ഭാഷാശാസ്ത്രത്തില്‍ പിഎച്ച്.ഡിയും നേടി. ആരുടെയും സഹായമില്ലാതെയാണ് ഇദ്ദേഹം അറബി ഭാഷ പഠിച്ചെടുത്തത് എന്നതാണ് ഏറെ കൗതകുകരം.