മസ്‌കറ്റ്: രാജ്യത്തിന്റെ വികസനത്തിന് നിര്‍മിതബുദ്ധി (ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്) യുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് പ്രഖ്യാപിച്ചു. ഇതിനായി ദേശീയ പദ്ധതി തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.
ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കുകയും വിവിധ മേഖലകളില്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും പദ്ധതികളുമാണ് നാഷനല്‍ പ്രോഗ്രാമിന്റെ ഭാഗമായി ആവിഷ്‌കരിക്കുന്നത്.
വിവിധ മേഖലകളില്‍ ഉത്പാദക്ഷമതയും കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും എഐയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തും. സേവന മേഖലകള്‍, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ വികസനത്തിന് ഊന്നല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പുനരുപയോഗ ഊര്‍ജ മേഖല ശക്തിപ്പെടുത്തുക പ്രധാന ലക്ഷ്യമാണ്. ഇതിന്റെ വളര്‍ച്ചക്ക് ആവശ്യമായ നിയമ ചട്ടക്കൂടുകളും നയങ്ങളും വികസിപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സൗകര്യങ്ങളൊരുക്കാനും നിര്‍ദേശിച്ചിട്ടുണ്ടെന്നും സുല്‍ത്താന്‍ പറഞ്ഞു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ശൂറ കൗണ്‍സില്‍ അംഗങ്ങളെ സുല്‍ത്താന്‍ സ്വാഗതം ചെയ്തു. നൂതന ഇലക്ട്രോണിക് വോട്ടിങ് സാങ്കേതികവിദ്യയിലൂടെ പൗരന്മാരാണ് ശൂറ പ്രതിനിധികളെ കണ്ടെത്തിയത്. രാജ്യത്തെ വിശിഷ്ടരായ വിദഗ്ധരില്‍നിന്ന് തെരഞ്ഞെടുത്ത സ്റ്റേറ്റ് കൗണ്‍സില്‍ അംഗങ്ങളെയും സുല്‍ത്താല്‍ അഭിവാദ്യം ചെയ്തു.