ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പിൽ തെറ്റ് പറ്റിയെന്ന് തുറന്ന് സമ്മതിച്ച് രോഹിത് ശർമ്മ. അമേരിക്കയിലെ പിച്ചിൽ ഇന്ത്യൻ ടീമിൽ നാല് സ്പിന്നർമാരെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. എന്നാൽ താരങ്ങളെ തിരഞ്ഞെടുത്തപ്പോൾ ടീം സന്തുലിതമാക്കാനാണ് ശ്രമിച്ചത്. സാഹചര്യങ്ങൾ പേസർമാർക്ക് അനുകൂലമെങ്കിൽ ആ രീതിയിൽ ടീമിനെ ഇറക്കും. വെസ്റ്റ് ഇൻഡീസിൽ കളിക്കുമ്പോൾ സ്പിന്നർമാരെ ഉപയോഗിക്കാൻ കഴിയുമെന്നും ഇന്ത്യൻ ക്യാപ്റ്റൻ പ്രതികരിച്ചു.
അമേരിക്കൻ പിച്ചുകളെക്കുറിച്ച് ഉയരുന്ന വിമർശനങ്ങളിലും രോഹിത് പ്രതികരണവുമായെത്തി. പിച്ച് എങ്ങനെ പെരുമാറുമെന്ന് അറിയാൻ കഴിയുന്നില്ല. അഞ്ച് മാസം മാത്രം പ്രായമുള്ള പിച്ചിലാണ് കളിക്കുന്നത്. രണ്ടാമത് ബാറ്റ് ചെയ്യുന്നതും പ്രയാസമായിരുന്നു. ബൗളർമാർക്ക് പിച്ചിൽ നിന്ന് വലിയ സഹായം ലഭിച്ചു. ലെങ്ത് ബോളുകൾ സ്ഥിരമായി അടിച്ചുകളിക്കാനായിരുന്നു ഇന്ത്യൻ ടീമിന്റെ തീരുമാനമെന്നും രോഹിത് ശർമ്മ പറഞ്ഞു.
ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരം ഇന്ത്യ ജയിച്ചു തുടങ്ങി. അയലൻഡിനെതിരെ എട്ട് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 96 റൺസിൽ ഓൾ ഔട്ടായി. മറുപടി പറഞ്ഞ ഇന്ത്യൻ 12.2 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം ലക്ഷ്യത്തിലെത്തി. ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ അർദ്ധ സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് അനായാസ വിജയം നേടിനൽകിയത്.