Gulf

ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തത് 14 ദിര്‍ഹമിന്റെ ഭക്ഷണം; വ്യാജ വെബ്‌സൈറ്റുകാരന്‍ തട്ടിയത് 14,000 ദിര്‍ഹം

Published

on

ദുബായ്: യുഎഇയിലെ ജനപ്രിയ ഫാസ്റ്റ് ഫുഡ് ശൃംഖലകളുടെ പേരില്‍ സമാനമായ വെബ്‌സൈറ്റ് ഉണ്ടാക്കി തട്ടിപ്പുകാര്‍ ഒരുക്കിയ കെണിയില്‍ പ്രവാസിക്ക് നഷ്ടമായത് 14,000 ദിര്‍ഹം. കോംബോ ഭക്ഷണത്തിന് 14 ദിര്‍ഹമിന്റെ ഓഫര്‍ കണ്ട് ഓര്‍ഡര്‍ ചെയ്തപ്പോഴാണ് തട്ടിപ്പുകാര്‍ ഇത്രയും തുക അടിച്ചെടുത്തത്.

ദുബായില്‍ ഫുഡ് ആന്റ് ബീവറേജസ് സ്ഥാപനത്തില്‍ ബിസിനസ് എക്‌സിക്യൂട്ടീവായി ജോലി ചെയ്യുന്ന രാഹുല്‍ ഖില്ലാരെയ്ക്കാണ് പണം നഷ്ടമായത്. ഇക്കാര്യം ബാങ്കിനെ അറിയിച്ചെങ്കിലും ഉപഭോക്താക്കള്‍ക്ക് അവരുടെ സ്വന്തം തെറ്റുകള്‍ കാരണം നഷ്ടമാവുന്ന പണം തിരികെ നല്‍കാന്‍ ബാങ്കുകള്‍ക്ക് ബാധ്യതയില്ലെന്ന മറുപടിയാണ് ലഭിച്ചത്.

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനിടെയാണ് ഒരു ജനപ്രിയ ഫാസ്റ്റ് ഫുഡ് ശൃംഖലയ്ക്ക് സമാനമായ ഒരു പരസ്യം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. ഒരു കോംബോ ഭക്ഷണത്തിനായുള്ള 14 ദിര്‍ഹം എന്ന ആകര്‍ഷകമായ ഓഫര്‍ കണ്ട ഖില്ലരെ ഉടന്‍ തന്നെ ലിങ്കില്‍ ക്ലിക്കുചെയ്തു. ഭക്ഷണം വാങ്ങുന്നതിനായി തന്റെ ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങളും നല്‍കി. അതിവേഗത്തിലും സുഗമമായും ഇടപാടുകള്‍ നടന്നു. ഇടപാട് വിജയകരമായെന്ന് അറിയിച്ചുകൊണ്ടുള്ള സന്ദേശവും ഉടനടി ലഭിച്ചു. എന്നാല്‍ സന്ദേശം വായിച്ചുനോക്കിയപ്പോഴാണ് രാഹുല്‍ ഞെട്ടിയത്. 14 ദിര്‍ഹത്തിന് പകരം 14,000 ദിര്‍ഹമാണ് ഈടാക്കിയത്.

പരസ്യത്തില്‍ ക്ലിക്കുചെയ്ത് 14 ദിര്‍ഹം വിലയുള്ള ഭക്ഷണം മാത്രമാണ് തിരഞ്ഞെടുത്തതെന്ന് രാഹുല്‍ വിശദീകരിച്ചു. ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ ചോദിച്ച പ്രകാരം നല്‍കി ഓര്‍ഡര്‍ പ്രോസസ്സ് ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ അത് പൂര്‍ത്തിയാക്കാനാവാതെ സ്റ്റക്കായി നിന്നു. ഒടിപി (ഒറ്റത്തവണ പാസ്‌വേഡ്) നല്‍കാന്‍ എന്നോട് ആവശ്യപ്പെട്ടതുമില്ല. എന്നാല്‍ അക്കൗണ്ടില്‍ നിന്ന് 14,000 ദിര്‍ഹം കുറച്ചതായി എനിക്ക് അറിയിപ്പ് ലഭിക്കുകയും ചെയ്തു. തട്ടിപ്പിനെക്കുറിച്ച് ബാങ്കിനെ അറിയിക്കുന്നതിന് മുമ്പ് തന്നെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചിരുന്നു.

13 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന രാഹുല്‍ ഖില്ലാരെ ഓണ്‍ലൈനായി പ്രദേശത്തെ കടകളില്‍ നിന്ന് പലചരക്ക് സാധനങ്ങള്‍ വാങ്ങുകയും ഓണ്‍ലൈന്‍ ഡെലിവറി പ്ലാറ്റ്‌ഫോമുകളില്‍ ഓര്‍ഡര്‍ ചെയ്ത് ഭക്ഷണം വരുത്തിക്കുകയും ചെയ്യാറുണ്ട്. ഇത്തരമൊരു ചതിയില്‍പെടുന്നത് ആദ്യമായാണ്. സോഷ്യല്‍ മീഡിയയില്‍ വരുന്നതെല്ലാം വിശ്വസിക്കരുത് എന്ന പാഠം ഇതിലൂടെ പഠിച്ചെന്നും കമ്പനിയുടെ വെബ്‌സൈറ്റുകള്‍ ഒറിജിനല്‍ തന്നെയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമേ ഓര്‍ഡറുകള്‍ നല്‍കൂ എന്നും ഖില്ലാരെ പറഞ്ഞു.

പ്രശസ്ത സ്ഥാപനങ്ങളുടെ പേരില്‍ വെബ്‌സൈറ്റ് ഉണ്ടാക്കിയും ‘പ്രത്യേക ഓഫറുകള്‍’ സോഷ്യല്‍ മീഡിയയിലൂടെ നല്‍കിയും പണംതട്ടുന്ന സംഘങ്ങള്‍ക്കെതിരേ അധികൃതര്‍ പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. തട്ടിപ്പുകാര്‍ അയക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും നിര്‍ദേശിച്ചിരുന്നു. ഉപഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ ഒരിക്കലും ബാങ്കുകള്‍ ഫോണിലൂടെയോ സന്ദേശങ്ങള്‍ അയച്ചോ ആവശ്യപ്പെടാറില്ല. ക്രെഡിറ്റ് കാര്‍ഡ് നമ്പറുകളോ ഒടിപി നമ്പറുകളോ ആരുമായും പങ്കുവയ്ക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version