Gulf

സൗദിയില്‍ ബിനാമി ബിസിനസ് നടത്തിയ മലയാളിയെ ഒരു വര്‍ഷത്തെ തടവിന് ശേഷം നാടുകടത്താന്‍ ഉത്തരവ്

Published

on

റിയാദ്: സൗദി അറേബ്യയില്‍ ബിനാമി ബിസിനസ് നടത്തിയ മലയാളിയെ ഒരു വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. പ്രതിയില്‍ നിന്ന് പിടിച്ചെടുത്ത പണം കണ്ടുകെട്ടാനും 60,000 റിയാല്‍ പിഴ നല്‍കാനും വിധിയുണ്ട്. ജയില്‍ശിക്ഷാ കാലയളവിന് ശേഷം ആജീവനാന്ത പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി നാടുകടത്താനും കോടതി ഉത്തരവിട്ടു. കേസില്‍ സൗദി പൗരനെയും ശിക്ഷിച്ചിട്ടുണ്ട്.

റിയാദില്‍ ബിനാമിയായി കോണ്‍ട്രാക്ടിങ് സ്ഥാപനം നടത്തിയ മലയാളി അബ്ദുറഹീം സൈദലവി, ഇതിന് ആവശ്യമായ ഒത്താശകള്‍ ചെയ്തുകൊടുത്ത സൗദി പൗരന്‍ അബ്ദുല്‍ അസീസ് ബിന്‍ സഅദ് മുഹമ്മദ് അല്‍ജരിയാന്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. സൗദി പൗരനും ഒരു വര്‍ഷം തടവും 60,000 റിയാല്‍ പിഴയും ശിക്ഷ ലഭിച്ചിട്ടുണ്ട്.

അറസ്റ്റിലാകുമ്പോള്‍ മലയാളിയുടെ പക്കല്‍ കണ്ടെത്തിയ 1,31,000 റിയാല്‍ കണ്ടുകെട്ടാനാണ് കോടതി നിര്‍ദേശം. സ്ഥാപനം അടച്ചുപൂട്ടുകയും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും വേണം. സൗദി പൗരന് അഞ്ചു വര്‍ഷത്തേക്ക് ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് വിലക്കുമേര്‍പ്പെടുത്തി. നിയമാനുസൃത സകാത്തും ഫീസുകളും നികുതികളും പ്രതികളില്‍ നിന്ന് ഈടാക്കാനും വിധിയുണ്ട്.

പുതിയ തൊഴില്‍ വിസയില്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനാണ് മലയാളിക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. മലയാളിയുടെയും സൗദി പൗരന്റെയും പേരുവിവരങ്ങളും ഇരുവരും നടത്തിയ നിയമലംഘനവും ഇതിനുള്ള ശിക്ഷകളും നിയമലംഘകരുടെ ചെലവില്‍ പത്രത്തില്‍ പരസ്യപ്പെടുത്താനും കോടതി വിധിച്ചു.

സുരക്ഷാ വകുപ്പുകളും പബ്ലിക് പ്രോസിക്യൂഷനും വിശദമായ അന്വേഷണം നടത്തി ഇരുവര്‍ക്കുമെതിരായ കേസ് കോടതിക്ക് സമര്‍പ്പിക്കുകയായിരുന്നു. ബിനാമി ബിസിനസ് കേസ് പ്രതികള്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും 50 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ നല്‍കാമെന്ന് ബിനാമി ബിസിനസ് വിരുദ്ധ നിയമം വ്യവസ്ഥ ചെയ്യുന്നു. ഇങ്ങനെ സമ്പാദിക്കുന്ന പണം പിടിച്ചെടുക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കാനും കോടതിക്ക് അധികാരമുണ്ട്.

സുരക്ഷാവിഭാഗം നടത്തിയ പരിശോധനയ്ക്കിടെ വാഹനത്തില്‍ വച്ചാണ് മലയാളിയുടെ പക്കല്‍ നിന്ന് പണം കണ്ടെത്തിയത്. വാഹനത്തിനകത്ത് ബോഡിക്കു താഴെയാണ് കൂടുതല്‍ കറന്‍സികളും ഒളിപ്പിച്ചിരുന്നത്. വിദേശത്തേക്ക് പണം കടത്താനായിരുന്നു ശ്രമം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബിനാമി ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിച്ചതിലൂടെ സമ്പാദിച്ച പണമാണിതെന്ന് അധികൃതര്‍ കണ്ടെത്തിയത്.

സൗദിയില്‍ നിക്ഷേപ വിസയിലുള്ളവര്‍ക്ക് മാത്രമാണ് സ്വന്തമായി ബിസിനസ് നടത്താന്‍ അവകാശമുള്ളത്. സ്വദേശി പൗരന്റെ പേരില്‍ സ്ഥാപനം രജിസ്റ്റര്‍ ചെയ്ത് വിദേശികള്‍ സ്വന്തം നിലയില്‍ ബിസിനസ് ചെയ്യുന്നത് ബിനാമി വ്യാപാരമായാണ് കണക്കാക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version