U.A.E

കപ്പലിന്റെ അടിത്തട്ട് വൃത്തിയാക്കുന്നതിനിടെ മലയാളി മുങ്ങല്‍ വിദഗ്ധനെ ഫുജൈറയില്‍ കാണാതായി

Published

on

ദുബായ്: കപ്പലിന്റെ അടിത്തട്ട് (ഹള്‍) വൃത്തിയാക്കുന്ന ജോലിക്കിടെ മലയാളി മുങ്ങല്‍ വിദഗ്ധനെ ഫുജൈറയില്‍ കാണാതായി. തൃശൂര്‍ അടാട്ട് സ്വദേശി അനില്‍ സെബാസ്റ്റ്യനെയാണ് (32) കടലില്‍ കാണാതായത്. ഫുജൈറ പോലീസിലെ മുങ്ങല്‍ വിദഗ്ധരും ഫുജൈറ കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്.

ശരീരത്തില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ഘടിപ്പിച്ചാണ് അനില്‍ ജോലിചെയ്തിരുന്നത്. കടലില്‍ നങ്കൂരമിടുന്ന കപ്പലുകളുടെ അടിത്തട്ടിന്റെ ഉള്ളില്‍ കയറി വൃത്തിയാക്കുന്ന അതിസാഹസികമായ ജോലിയില്‍ സൂപ്പര്‍വൈസറായിരുന്നു. ഇന്ത്യയിലെ മികച്ച മുങ്ങല്‍ വിദഗ്ധരില്‍ ഒരാളാണ്. പത്തുവര്‍ഷത്തിലേറെയായി ഡൈവിങ് രംഗത്ത് പ്രവര്‍ത്തിക്കുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് അനില്‍ കപ്പലിന്റെ ഹള്ളില്‍ പ്രവേശിച്ച് ജോലിചെയ്യാനാരംഭിച്ചത്. നിശ്ചിത സമയം കഴിഞ്ഞിട്ടും മുകളിലേക്ക് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അധികൃതര്‍ ഫുജൈറ പോലിസിലെ മുങ്ങല്‍ വിദഗ്ധരുടെ സഹായംതേടുകയായിരുന്നു.

സഹപ്രവര്‍ത്തകര്‍ക്ക് ജോലിപരിചയം കുറവായതുകൊണ്ട് അനില്‍ തന്നെ ജോലി ഏറ്റെടുക്കുകയായിരുന്നു. ഭാര്യ ടെസിക്കും നാലു വയസ്സുകാരി മകള്‍ക്കുമൊപ്പമാണ് അനില്‍ ഫുജൈറയില്‍ താമസിക്കുന്നത്. മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള ഏരിസ് മറൈനിന്റെ കപ്പലിലാണ് അനില്‍ അകപ്പെട്ടതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ഓക്‌സിജന്‍ സിലിണ്ടര്‍ ഘടിപ്പിച്ചാണ് ജോലി ചെയ്യുന്നത് എന്നതിനാല്‍ ജീവനോടെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണിവര്‍.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version